മലയാളി വിദ്യാർത്ഥിനിയുടെ ആത്മഹത്യ: അദ്ധ്യാപകന്‍റെ മാനസിക പീഡനം മൂലമെന്ന് ആത്മഹത്യാകുറിപ്പ്.

Jaihind News Bureau
Wednesday, November 13, 2019

മദ്രാസ് ഐ ഐ റ്റി യിലെ മലയാളി വിദ്യാർത്ഥിനി കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയത് അദ്ധ്യാപകന്‍റെ മാനസിക പീഡനം മൂലമ‌ാണെന്ന് ആത്മഹത്യാകുറിപ്പ്. ഫാത്തിമയുടെ രക്ഷിതാക്കൾ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ജാതി വിവേചനവും തന്‍റെ മകളെ മാനസിക സമ്മർദത്തിലാക്കിയെന്ന് പിതാവ് അബ്ദുൾ ലത്തീഫ് പറഞ്ഞു.

ചെന്നൈ ഐ ഐ റ്റി യിലെ ഇന്റഗ്രേറ്റഡ് എംഎ വിദ്യാർത്ഥിനി ആയ കൊല്ലം കിളി കൊല്ലുർ സ്വദേശിനി ഫാത്തിമയെ ഈ മാസം 9 തിനാണ് ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടത്. വിവര മറിഞ്ഞ് ചെന്നൈയിൽ എത്തിയ കുടുംബ സുഹൃത്തായ കൊല്ലം മേയറും ഫാത്തിമയുടെ സഹോദരി ഉൾപ്പെടെയുള്ള ബന്ധുക്കളുമാണ് കോട്ടൂർപുരം പോലീസ് സ്റ്റേഷനിൽ ഫാത്തിമയുടെ മൊബൈൽ ഫോൺ കണ്ടെത്തിയത് .

കഴിഞ്ഞ 8 നാണ് ഫാത്തിമ തന്റെ മൊബൈൽ ഫോണിൽ ആത്മഹത്യാ കുറിപ്പ് സ്ക്രീൻ സേവറിൽ രേഖപ്പെടുത്തിയത്. തന്‍റെ മരണത്തിനു കാരണം ഐ ഐറ്റിയിലെ ലോജിസ്റ്റിക്സ് വിഭാഗം തലവൻ സുദർശൻ പത്മനാഭനാണെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. തമിഴ് നാട് പോലീസിന്‍റെ പക്കലുള്ള ഫാത്തിമയുടെ മൊബൈൽ ഫോണിലെ തെളിവുകൾ നശിപ്പിക്കപ്പെടുമൊ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.

ഫാത്തിമ ജീവനൊടുക്കാൻ ഇടയാക്കിയ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. കേരളത്തിന്‍റെ ആശങ്ക തമിഴ്നാട് സർക്കാരിനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

മാർക്ക് കുറഞ്ഞതുകൊണ്ടാണ് ഫാത്തിമാ ജീവനൊടുക്കിയതെന്ന തമിഴ്നാട് പോലീസിന്‍റെ വാർത്താകുറിപ്പിൽ ദുരൂഹതയുണ്ടന്ന് ബന്ധുക്കൾ പറഞ്ഞു. ആദ്യ സെമസ്റ്റർ പരീക്ഷ ഡിസംബറിൽ നടക്കാനിരിക്കെയാണ് തമിഴ്നാട് പോലീസ് ഇത്തരത്തിൽ തെറ്റിദ്ധരിപ്പിച്ചത്.