കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ വിയോഗത്തിന് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. സ്ഥലം മാറിപ്പോകുന്നതിനോടനുബന്ധിച്ച് നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായിരുന്ന പി.പി. ദിവ്യയുടെ വാക്കുകളാല്‍ ഉള്ളുലഞ്ഞ എഡിഎമ്മിനെ അടുത്ത ദിവസം ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കി പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും, നിരവധി ചോദ്യങ്ങള്‍ ഇപ്പോഴും ഉത്തരം ലഭിക്കാതെ അവശേഷിക്കുന്നു.
2024 ഒക്ടോബര്‍ 14-നാണ് എഡിഎം കെ. നവീന്‍ ബാബുവിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കിയത്. ക്ഷണിക്കാതെ ചടങ്ങില്‍ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എഡിഎമ്മിനെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചു. അന്ന് രാത്രി ചെങ്ങന്നൂരിലേക്ക് പോകേണ്ടിയിരുന്ന നവീന്‍ ബാബു യാത്ര ഒഴിവാക്കി. പിറ്റേന്ന്, 2024 ഒക്ടോബര്‍ 15-ന് ഡ്രൈവര്‍ ഷംസുദീന്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോഴാണ് നവീന്‍ ബാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇതിനിടെ, നവീന്‍ ബാബു കൈക്കൂലി ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് ടി.വി. പ്രശാന്തന്‍ രംഗത്തെത്തി. ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ പി.പി. ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി പോലീസ് കേസെടുത്തു. ഇതോടെ, പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് സി.പി.എം. അവരെ നീക്കം ചെയ്യുകയും ചെയ്തു. കോടതിയില്‍ കീഴടങ്ങിയ ദിവ്യയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് അവര്‍ ജയിലിലായി. 10 ദിവസത്തിന് ശേഷമാണ് പി.പി. ദിവ്യക്ക് ജാമ്യം ലഭിച്ച് പുറത്തിറങ്ങാനായത്.
2025 ജനുവരി 6-ന് സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. അതേസമയം, നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നതിന് തെളിവില്ലെന്ന് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2025 മാര്‍ച്ച് 29-ന് പി.പി. ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി പ്രത്യേക അന്വേഷണ സംഘം കണ്ണൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ പി.പി. ദിവ്യ മാത്രമാണ് പ്രതിസ്ഥാനത്തുള്ളത്.
നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയും തള്ളിയിരുന്നു. എന്നാല്‍, ചില സുപ്രധാന ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു. പി.പി. ദിവ്യയുടെ പ്രസംഗത്തില്‍ പറഞ്ഞ ഭീഷണിയിലെ കാര്യങ്ങള്‍ എന്തായിരുന്നു എന്ന് പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രശാന്തന്‍ നല്‍കിയെന്ന് പ്രചരിപ്പിച്ച പരാതി വ്യാജമാണെന്ന ആക്ഷേപം ഉയര്‍ന്നെങ്കിലും അതിന്റെ ഉറവിടം കണ്ടെത്താനോ കൈക്കൂലി സംബന്ധിച്ച അന്വേഷണം നടത്താനോ കഴിഞ്ഞിട്ടില്ല. നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കുന്ന ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാനുള്ള കാത്തിരിപ്പിലാണ് ബന്ധുക്കളും പൊതുസമൂഹവും.