
കണ്ണൂര്‍: മുന്‍ എ.ഡി.എം. കെ. നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പി.പി. ദിവ്യയുടെയും ടി.വി. പ്രശാന്തന്റെയും ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കാതെയാണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്ന് നവീന്‍ ബാബുവിന്റെ കുടുംബം ആരോപിച്ചു. പ്രാധാന്യമുള്ള തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസ് മടി കാണിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും കുടുംബം ചൂണ്ടിക്കാട്ടി.
നവീന്‍ ബാബുവിന്റെ സഹോദരന്‍ അഡ്വ. പ്രവീണ്‍ ബാബുവാണ് വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തിയത്. കേസിലെ നിര്‍ണ്ണായക വിവരങ്ങള്‍ ഫോണ്‍ രേഖകളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നിരിക്കെ, അവ പരിശോധിക്കാതെ കുറ്റപത്രം സമര്‍പ്പിച്ചത് ദുരൂഹമാണ്.
‘എല്ലാ നിയമവഴികളും തേടും. ഈ വിഷയത്തില്‍ ചില പുതിയ നടപടികള്‍ ആലോചിക്കുന്നുണ്ട്,’ അഡ്വ. പ്രവീണ്‍ ബാബു അറിയിച്ചു. കേസ് സംബന്ധിച്ച് നിലനില്‍ക്കുന്ന അവ്യക്തതകള്‍ മാറ്റാനും നീതി ഉറപ്പാക്കാനും വേണ്ടി നിയമപരമായ പോരാട്ടം തുടരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
അതേസമയം, ദുരന്ത സമയത്ത് തങ്ങള്‍ക്കൊപ്പം നിന്ന എല്ലാവര്‍ക്കും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും മകളും നന്ദി അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി പിന്തുണ നല്‍കിയ പൊതുസമൂഹത്തിനും സഹായം ചെയ്തവര്‍ക്കും കുടുംബം കൃതജ്ഞത രേഖപ്പെടുത്തി.
നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പി.പി. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, കൈക്കൂലി ആരോപണമുള്‍പ്പെടെയുള്ള മറ്റ് ചോദ്യങ്ങള്‍ക്ക് ഇതുവരെ വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.