G സുധാകരനും സജി ചെറിയാനും: സിപിഎമ്മിലെ വിഭാഗീയത അഥവാ ആലപ്പുഴയിലെ ‘അരിവാള്‍’ പോരാട്ടവും:

Jaihind News Bureau
Wednesday, October 15, 2025

ആലപ്പുഴ: കേരള രാഷ്ട്രീയത്തില്‍ സിപിഎം ഭരണത്തില്‍ തുടരുമ്പോഴും, പാര്‍ട്ടിയിലെ ആഭ്യന്തര ഭിന്നതകളും വിഭാഗീയ നീക്കങ്ങളും പലപ്പോഴും പാര്‍ട്ടി അച്ചടക്കം വിട്ടു പുറത്ത് എത്താറുണ്ട്. ആലപ്പുഴ ജില്ലയില്‍ ജി. സുധാകരന്‍, സജി ചെറിയാന്‍, എ.കെ. ബാലന്‍ എന്നിവര്‍ ഉള്‍പ്പെട്ട പുതിയ വിവാദങ്ങള്‍ ഈ വിഭാഗീയതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്. പാര്‍ട്ടിയുടെ സംഘടനാപരമായ കെട്ടുറപ്പിനെ ചോദ്യം ചെയ്യുന്ന ഈ സംഭവവികാസങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

സിപിഎമ്മില്‍ എന്നും ഒരു സൈദ്ധാന്തികന്റെയും ബുദ്ധിജീവിയുടെയും പരിവേഷമുണ്ടായിരുന്ന ജി. സുധാകരന്‍, പാര്‍ട്ടിക്കുള്ളിലെ തന്റെ സ്ഥാനം നഷ്ടപ്പെടുന്നതിനെക്കുറിച്ച് പലതവണ പരസ്യമായും പരോക്ഷമായും പ്രതികരിച്ചിട്ടുണ്ട്. 75 വയസ്സെന്ന് പ്രായപരിഗണയില്‍ പെട്ട് പാര്‍ട്ടി ഉത്തരവാദിത്തങ്ങളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടിവന്നതില്‍ സുധാകരന്‍ അസ്വസ്ഥനായിരുന്നു. തനിക്ക് പാര്‍ട്ടിയില്‍ ‘അയിത്തം’ കല്‍പ്പിക്കുന്നുവെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം അടുത്തിടെ ഏറെ ചര്‍ച്ചയായക് ഈ സാഹചര്യത്തിലാണ്. പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക, സോഷ്യല്‍ മീഡിയയില്‍ കവിതകളിലൂടെയും കുറിപ്പുകളിലൂടെയും തന്റെ അതൃപ്തി പ്രകടിപ്പിക്കുക എന്നിവയെല്ലാം സുധാകരന്‍ പതിവാക്കിയിട്ടുണ്ട്. ഇതിനുമപ്പുറം കോണ്‍ഗ്രസിന്റെ സാംസ്‌ക്കാരിക സമ്മേളനങ്ങളിലും സുധാകരന്‍ പങ്കെടുത്തതോടെ പാര്‍ട്ടി അണികള്‍ക്കു മാത്രമല്ല, കുട്ടിസഖാക്കള്‍ക്കും കുരു പൊട്ടി.

സൈബര്‍ ഇടങ്ങളില്‍ ജി സുധാകരന് വന്‍ വിമര്‍ശനമാണ് നേരിടേണ്ടിവന്നത്. സുധാകരന്റെ വീട്ടുകാരെ പോലും ഇതിലേയ്ക്കു വലിച്ചിഴച്ചു. പാര്‍ട്ടി രക്തസാക്ഷിയായി വിശേഷിപ്പിക്കുന്ന സുധാകരന്റെ അനുജന്റെ പേരു പോലും ഇടതു ട്രോളര്‍മാര്‍ക്കു വിഷയമായി. ഇതോടെ സര്‍വ്വ നിയന്ത്രണവും നഷ്ടപ്പെട്ട സുധാകരന്‍ സൈബര്‍ വിഭാഗംഎന്നറിയപ്പെടുന്നവരെ ആന്റി കമ്യൂണിസ്റ്റുകളെന്നാണ് വിശേഷിപ്പിച്ചത്. അത് ഫാദര്‍ലൈസ് രാഷ്ട്രീയപ്രവര്‍ത്തനമാണെന്നു പോലും സുധാകരന്‍ തുറന്നടിച്ചു. പാര്‍ട്ടിയില്‍ താന്‍ അവഗണിക്കപ്പെടുന്നുവെന്നും തനിക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും അദ്ദേഹം നിരന്തരം സൂചിപ്പിക്കുന്നു. ആലപ്പുഴയിലെ പാര്‍ട്ടിയുടെ അമരക്കാരനായിരുന്ന സുധാകരന്‍, ഇപ്പോള്‍ നേതൃത്വത്തില്‍ നിന്ന് ഏതാണ്ട് പൂര്‍ണ്ണമായി ഒഴിവാക്കപ്പെട്ട അവസ്ഥയിലാണ്.

വി എസ് പക്ഷത്തെ വെട്ടിയൊതുക്കി പിണറായി ആലപ്പുഴ കമ്മിറ്റിയിലും ശക്തികേന്ദ്രമായി വളര്‍ന്നുവന്നതോടെ സജി ചെറിയാന്‍ കൂടുതല്‍ ശക്തനായി മാറി. ആലപ്പുഴയിലെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സജി ചെറിയാന്റെ മേല്‍ക്കൈ ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും സുധാകരന്‍ പക്ഷം ആരോപിക്കുന്നു. തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ സജി അറിയാതെ ഉണ്ടാവില്ലെന്നും സുധാകരന്‍ തുറന്നു പറയുന്നു. സുധാകരന്റെ പല വിമര്‍ശനങ്ങളും സജി ചെറിയാനെ ലക്ഷ്യം വെച്ചുള്ളതാണെന്ന് കാണാം. സുധാകരനെതിരെ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന പടയൊരുക്കം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല.. സജി ചെറിയാനും, എ കെ ബാലനും, എച്ച സലാമുമൊക്കെ ജി സുധാകരനെ വിമര്‍ശിക്കുന്നതും ഇതാദ്യമായിട്ടല്ല.എന്നാല്‍ നേതാക്കള്‍ പരസ്യമായി പ്രസ്താവനകളിലൂടെ ഏറ്റുമുട്ടുന്ന സാഹചര്യമാണിവിടെ വ്യത്യസ്തമാകുന്നത്.

ജി സുധാകരന്‍ പാര്‍ട്ടിയുമായി ചേര്‍ന്നു പോകണമെന്ന മന്ത്രി സജി ചെറിയാന്റെ പരസ്യ പ്രസ്താവനയാണ് ജി സുധാകരനെ ചൊടിപ്പിച്ചത്. താന്‍ ബിജെപിയില്‍ പോകുമെന്ന് പ്രചരിപ്പിച്ചത് സജി ചെറിയാന്റെ അണികളാണ്. തന്നോട് കളിക്കുമ്പോള്‍ സജി ചെറിയാന്‍ സൂക്ഷിക്കണം. സജി ചെറിയാനും നാസറും വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ താനാണ് ഇവരെയൊക്കെ സംരക്ഷിച്ചത്. ഇപ്പോഴത്തെ സജി ചെറിയാന്റെ വളര്‍ച്ചയ്ക്ക് കാരണവും തനാണ്. അത് ഓര്‍ത്ത് സംസാരിക്കണം.

അമ്പലപ്പുഴയില്‍ വോട്ട് ചോര്‍ത്താന്‍ ശ്രമിച്ചെന്ന ആരോപണത്തിന് പിന്നാല്‍ ഗൂഡാലോചനയുണ്ട്. സജി ചെറിയാനും ആരിഫും അറിയാതെ എനിക്കെതിരെ പരാതി പോകില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനായിരുന്നു നീക്കം. തന്റെ വീഴ്ചകളലില്‍ ഈ സംഘം പടക്കം പൊട്ടിച്ച് ആഘോഷിച്ചതായും സുധാകരന്‍ ആരോപിച്ചു.

ആലപ്പുഴയിലെ വിഭാഗീയത ഒത്തു തീര്‍പ്പു ചര്‍ച്ചകള്‍ക്കായി എത്തിയ എ കെ ബാലനും കിട്ടി വിമര്‍ശനം. ബാലനെപ്പോലെ മാറാന്‍ തനിക്ക് പറ്റില്ല. ബാലന്‍ തന്നെപ്പറ്റി ഒന്നും പറയേണ്ട കാര്യമില്ല. ഞാന്‍ ഇന്നേവരെ ഒരു പ്രസ്താവനയിലും പൊതുവേദിയിലും ബാലനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ നടക്കുന്നത് വളരെ നിര്‍കൃഷ്ടവും മ്ലേച്ചവും മാര്‍ക്‌സിസ്റ്റ് വിരുദ്ധവുമായ നീക്കങ്ങളാണ്. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാക്കളുടെ അച്ഛനും അമ്മയ്ക്കും അടക്കം തെറി പറയുകയാണ്. അതിനെ തടയാതെ തന്നെ ഉപദേശിക്കാനാണ് സജി ചെറിയാനും എ.കെ.ബാലനും ശ്രമിക്കുന്നതെന്നും സുധാകരന്‍ വിമര്‍ശിച്ചു. കേരളം മുഴുവന്‍ ബഹുമാനിക്കുന്ന ജി. സുധാകരനെ പോലെ സമുന്നതനായ നേതാവിനെതിരെ സൈബര്‍ ആക്രമണം നടത്തുന്ന പാര്‍ട്ടിയായി സി.പി.എം അധഃപതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു

സിപിഎമ്മിലെ വിഭാഗീയതയ്ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍, അധികാര വടംവലികള്‍, ആശയപരമായ ഭിന്നതകള്‍ എന്നിവയെല്ലാം ഇതിന് കാരണമാകാറുണ്ട്. വി.എസ്. അച്യുതാനന്ദന്‍-പിണറായി വിജയന്‍ വിഭാഗീയത കൊടുമ്പിരിക്കൊണ്ട# ചരിത്രം നമുക്കുമുന്നിലുണ്ട്. ആലപ്പുഴയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങളെയും ഈ ചരിത്രപരമായ പശ്ചാത്തലത്തില്‍ വേണം കാണാന്‍.