സുഗന്ധഗിരി മരംമുറി; ഡിഎഫ്ഒയ്ക്കെതിരെ സ്വീകരിച്ച നടപടികൾ സംശയ നിഴലിൽ

വയനാട്: സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒയ്ക്കെതിരെ സ്വീകരിച്ച നടപടികൾ സംശയത്തിന്‍റെ നിഴലിൽ. ഡിഎഫ്ഒയുടെ വിശദീകരണം ചോദിച്ച് പുറത്തിറക്കിയ നോട്ടീസ് മണിക്കൂറുകൾക്കുള്ളിൽ റദ്ദാക്കിയതിലും അർദ്ധരാത്രി സസ്പെൻഷൻ ഉത്തരവിറങ്ങിയതിലും അടിമുടി ദുരൂഹത. നടപടിക്രമങ്ങൾ പാലിക്കാതെ ഡിഎഫ്ഒയെ സസ്പെന്‍റ് ചെയ്തത് വനംമന്ത്രി ഇടപെട്ട് മരവിപ്പിക്കുകയായിരുന്നു.

സുഗന്ധഗിരി മരംമുറിയിൽ കടുത്ത അനാസ്‌ഥയും കൃത്യവിലോപവും, സർക്കാർ താൽപര്യം സംരക്ഷിക്കുന്നതിൽ വീഴ്‌ചയും സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീമിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ ഡിഎഫ്ഒയുടെ അടുക്കൽ വിശദീകരണം ചോദിക്കുകയോ വീഴ്‌ചകൾ എന്തെന്ന് വ്യക്തമാക്കേണ്ട ചാർജ്ഷീറ്റ് നൽകുകയോ ചെയ്യാതെയായിരുന്നു സസ്പെൻഷൻ ഉത്തരവ്. മരംമുറിയിൽ വിശദീകരണം നൽകണമെന്ന് കാണിച്ച് നോർത്തേൺ സർക്കിൾ സിസിഎഫ് പുറത്തിറക്കിയ നോട്ടീസ് രണ്ട് മണിക്കൂറിനുള്ളിൽ ഉന്നത ഇടപെടലിൽ റദ്ദാക്കി. പിന്നാലെയായിരുന്നു വനംമന്ത്രിയുടെ ഓഫീസിൽ നിന്ന് സസ്പെൻഷൻ ഉത്തരവ്. വിവാദമാകാനും കോടതിയിൽ തിരിച്ചടിയാകാനുമുള്ള സാധ്യത മുന്നിൽകണ്ടാണ് വയനാട്ടിലെ സിപിഎം നേതൃത്വം ഇടപെട്ട് വനംമന്ത്രിയെ കൊണ്ട് സസ്പെൻഷൻ മരവിപ്പിച്ചത്.

സർക്കാരിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയ മുട്ടിൽ മരംമുറി കേസിന്‍റെ വിചാരണ നടക്കുന്ന സമയം, കേസിൽ വനംവകുപ്പിന്‍റെ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ഡിഎഫ്ഒയെ സസ്പെന്‍റ് ചെയ്ത് തൽസ്ഥാനത്തു നിന്ന് മാറ്റാനുള്ള നീക്കം കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നാണ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സംശയം. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് അന്നുണ്ടായിരുന്ന ഡിഎഫ്ഒയെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്ത്. സമാനമായ കേസിൽ, നിലവിലെ ഡിഎഫ്ഒക്കെതിരെ തിടുക്കപ്പെട്ട് സസ്പെൻഷൻ സ്വീകരിച്ചത് ദുരൂഹമാണ്. ഡിഎഫ്ഒയെ കുടുക്കുന്നതിനായി മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിച്ചെന്ന വികാരവും ജീവനക്കാർക്കിടയിലുണ്ട്.

Comments (0)
Add Comment