സ്‌റ്റൈൽ മന്നന് അറുപത്തി ഏഴാം പിറന്നാൾ

ഇന്ത്യൻ സിനിമയിലെ സ്‌റ്റൈൽ മന്നന് ഇന്ന് അറുപത്തി ഏഴാം പിറന്നാൾ. പുതിയ സിനിമകളേക്കാൾ രജനി കാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിലെ സസ്പെൻസ് എന്ന് തീരും എന്നുള്ളതാണ് പിറന്നാൾ ദിനത്തിലെ പ്രധാന ചോദ്യം.

അസാധാരണ അഭിനയ മികവാണ് രജനി എപ്പോഴും ആരാധകർക്ക് നൽകുന്നത്. തമിഴ് ആരാധകർക്ക് മാത്രമല്ല, മലയാളികൾ ഉൾപ്പെടുന്ന ലോകമെങ്ങുമുള്ള ചലച്ചിത്ര ആരാധകരുടെ പ്രിയതാരം.ഹോളിവുഡിൽ വരെ രജനി ആരാധകർ നിരവധി. കർണാടകയിലെ നാച്ചിക്കുപ്പത്തിലേക്ക് കുടിയേറിയ മറാഠി പാരമ്പര്യമുള്ള കുടുംബത്തിൽ 1950 ൽ ജനിച്ച ശിവാജി റാവു ഗെയ്ക്ക്‌വാദ,് രജനീകാന്ത് ആയതു സിനിമയെ വെല്ലുന്ന അനുഭവങ്ങളുമായാണ്. ബസ് കണ്ടക്ടറിൽ നിന്ന് താരസിംഹാസനത്തിലേക്കുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല രജനിക്ക്. അപൂർവരാഗങ്ങൾ മുതൽ ടു പോയ്ന്റ് ഒ വരെയുള്ള മെഗാഹിറ്റുകളിലൂടെയുളള ആ യാത്രയിൽ, തിളക്കവും ആക്ഷനും ഒന്നുമില്ലാത്ത ഒരു രജനീകാന്ത് കൂടിയുണ്ട്.

കഷണ്ടി കയറിയ തലയിലെ പാറിപ്പറക്കുന്ന നരച്ച മുടിയുമായി സ്‌ക്രീനിനു പുറത്തു ആഡംബരം ഒന്നുമില്ലാത്ത പച്ചയായ ഒരു രജനി. ഇനി താരത്തിന്റെ രാഷ്ട്രീയ പ്രവേശനമാണ് എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നത്. പുതിയ സിനിമ കാലയുടെ പോസ്റ്ററാണ് ഈ ജൻമദിനത്തിൽ ആരാധകർക്കുള്ള രജനിയുടെ ആദ്യസമ്മാനം.

ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യ മാസികയും രജനികാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്. 2000-ലെ പത്മഭൂഷൺ അടക്കമുള്ള പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിലൂടെ കമൽഹാസനൊപ്പം മലയാളത്തിലും സാന്നിദ്ധ്യമറിയിച്ചു. തുടർന്ന് ഗർജ്ജനത്തിൽ നായകവേഷം ചെയ്തും മലയാളത്തിലെത്തി. അന്ധാ കാനൂൻ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. എന്നാൽ അവിടെ ചുവടുറപ്പിക്കാനായില്ല. 1988-ൽ ഹോളിവുഡ് ചിത്രമായ ബ്ലഡ് സ്റ്റോണിലും വേഷമിട്ടിടുണ്ട്. ഏതായാലും ലോകസിനിമയിൽ ഇടം ഉറപ്പിച്ച സ്റ്റൈൽ മന്നന്റെ പുതിയ അവതാരം എന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് തമിഴകവും ഇന്ത്യൻ ജനതയും. സ്‌റ്റൈൽ മന്നന് പിറന്നാൾ ആശംസകളോടെ ടീം ജയ്ഹിന്ദ്.

RajinikanthStyle Mannan
Comments (0)
Add Comment