സ്വാശ്രയ മെഡിക്കൽ കോളേജ് : ഒഴിവു വരുന്ന NRI സീറ്റുകളിൽ സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാർത്ഥികളെയും പ്രവേശിപ്പിക്കാം

കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഈ വർഷം ഒഴിവു വരുന്ന എൻആർഐ സീറ്റുകളിൽ സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാർത്ഥികളെയും പ്രവേശിപ്പിക്കാമെന്ന് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടു. എൻആർഐ സീറ്റുകളിൽ കേരള വിദ്യാർഥികൾക്ക് മാത്രം പ്രവേശനം നൽകുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. ഹര്‍ജി ഓഗസ്റ്റിൽ വീണ്ടും കേൾക്കും.

കേരള പ്രൈവറ്റ് മെഡിക്കൽ കോളജ് മാനേജ്‌മെന്‍റ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. 15 ശതമാനം എൻആർഐ സീറ്റുകളിൽ ചിലത് വിദ്യാർഥികൾ ഇല്ലാത്തതിനാൽ ഒഴിച്ചിടേണ്ടി വരുന്നെന്നായിരുന്നു മാനേജ്‌മെന്‍റിന്‍റെ വാദം. ഇതിലേക്ക് അഖിലേന്ത്യാ ക്വോട്ടയിൽനിന്നു പ്രവേശനം നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്നാണ് മാനേജ്‌മെന്‍റ് അസോസിയേഷൻ സുപ്രീംകോടതിയുടെ അനുമതി തേടിയത്.

അതേസമയം, കേരളത്തിലെ കോളജുകളിൽ ന്യൂനപക്ഷ പ്രവേശനത്തിന്‍റെ പേരിൽ ശുദ്ധതട്ടിപ്പാണു നടക്കുന്നതെന്നു ജസ്റ്റീസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. കേരളത്തിൽ മാത്രമേ ഇതുപോലെ നടക്കുകയുള്ളൂ. തിരുവനന്തപുരത്തെ കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചായിരുന്നു കോടതിയുടെ വാക്കാലുള്ള വിമർശനം.

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ന്യൂനപക്ഷ ക്വാട്ടയിൽ അഡ്മിഷൻ നടത്തിയ 11 വിദ്യാർഥികളുടെ പ്രവേശനം റദ്ദാക്കിയിരുന്നു. ഇതിനെതിരേയുള്ള ഹർജിയായിരുന്നു കോടതിയിലെത്തിയത്. ഏതു പള്ളി വികാരിയാണ് സർട്ടിഫിക്കറ്റ് നൽകേണ്ടതെന്നു കോടതി അല്ല തീരുമാനിക്കേണ്ടതെന്നു ചൂണ്ടിക്കാട്ടിയ രണ്ടംഗ ബെഞ്ച്, ഹർജി തള്ളുകയും ചെയ്തു.

supreme courtMedical Admissionself financing medical college
Comments (0)
Add Comment