മോദി സര്‍ക്കാരിന്‍റേത് സ്വേച്ഛാധിപത്യം, ജനവിരുദ്ധ സമീപനം, പോരാട്ടം തുടരും; അറസ്റ്റില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

 

ന്യൂഡൽഹി: സോണിയാ ഗാന്ധിക്കെതിരായ ഇഡി നടപടിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. ഇത് സ്വേച്ഛാധിപത്യമാണ്. ഇവിടെ സമാധാനമായി പ്രതിഷേധിക്കാൻ കഴിയില്ല. സത്യത്തിന് മാത്രമേ ഇതിന് അന്ത്യം കുറിക്കാൻ കഴിയുകയുള്ളൂ. പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

‘ഇത് സ്വേച്ഛാധിപത്യമാണ്. ഇവിടെ സമാധാനമായി പ്രതിഷേധിക്കാൻ കഴിയില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയും ചർച്ചചെയ്യാൻ കഴിയില്ല. പോലീസിനേയും അന്വേഷണ ഏജൻസികളേയും ദുരുപയോഗം ചെയ്ത് ഞങ്ങളെ അറസ്റ്റ് ചെയ്യുകയാണ്. എന്നാൽ ഞങ്ങളുടെ വായടപ്പിക്കാൻ ഒരിക്കലും സാധിക്കില്ല. സത്യം സ്വേച്ഛാധിപത്യത്തെ അവസാനിപ്പിക്കും’ – രാഹുൽ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

വിജയ് ചൗക്കിൽ നടന്ന പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തിരുന്നു. മാർച്ച് തടഞ്ഞതിനെ തുടർന്ന് രാഹുൽ ഗാന്ധി അടക്കമുള്ളവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേ തുടർന്ന് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എംപിമാരായ രമ്യാ ഹരിദാസ്, കൊടിക്കുന്നില്‍ സുരേഷ്, ഹൈബി ഈഡന്‍ എന്നിവരെയെല്ലാം ഡല്‍ഹി പോലീസ് നിലത്തുകൂടി വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിയത്.

Comments (0)
Add Comment