കേരളത്തിന്‍റെ ഏതു ഭാവി വികസന പ്രവര്‍ത്തനങ്ങളുടെയും ലക്ഷ്യങ്ങളിലൊന്ന് സാഹോദര്യം ഊട്ടിയുറപ്പിക്കലായിരിക്കണം: സോണിയാ ഗാന്ധി

 

തിരുവനന്തപുരം: കേരളത്തിന്‍റെ ഏതുഭാവി വികസന പ്രവര്‍ത്തനങ്ങളുടെയും ലക്ഷ്യങ്ങളിലൊന്ന് സാഹോദര്യം ഊട്ടിയുറപ്പിക്കല്‍ ആയിരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കേരളത്തിന്‍റെ മുഖമുദ്രയായ സാമൂഹിക ഐക്യത്തിലും മതസൗഹാര്‍ദ്ദത്തിലും പിരിമുറുക്കവും ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്മെന്റ് സ്റ്റഡീസ്( ആര്‍.ജി.ഐ.ഡി.എസ്) സംഘടിപ്പിച്ച ‘പ്രതീക്ഷ 2030 വികസന സമ്മിറ്റി’ല്‍ നല്‍കിയ സന്ദേശത്തിലാണ് അവര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

‘സാമൂഹിക ഐക്യവും മതസൗഹാര്‍ദ്ദവും എങ്ങനെ സംരക്ഷിക്കാമെന്നതിനും പ്രോത്സാഹിപ്പിക്കാമെന്നതിനും ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിന് തന്നെ പാഠവും മാതൃകയുമാണ് കേരളം. എന്നാല്‍ ഇതില്‍ പിരിമുറുക്കവും ക്ഷീണവും സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഭാവിയിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങളുടേയും ലക്ഷ്യങ്ങളിലൊന്ന് കേരളത്തിന്‍റെ മുഖമുദ്രയായ, പൈതൃകത്തിന്റേയും വൈവിധ്യത്തിന്റെയും ഭാഗമായ സാഹോദര്യം ശക്തിപ്പെടുത്തലായിരിക്കണം’.-സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടു.

കേരള മോഡല്‍ എന്നത് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുകയും പഠന വിധേയമാകുകയും ചെയ്ത ഒന്നാണ്. കഴിഞ്ഞ ആറ് ദശാബ്ദങ്ങളിലായി കേരളത്തിന്റെ പൊതു ജനാരോഗ്യ മേഖലയിലും വിദ്യാഭ്യാസ സാമൂഹ്യ രംഗത്തും ലിംഗ സമത്വത്തിലും സാക്ഷരതയടക്കമുളള പല മേഖലകളിലും എടുത്തു പറയത്തക്ക പല നേട്ടങ്ങളും സംസ്ഥാനം കൈവരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നിപ്പോള്‍ കേരളം പുതിയതും മുമ്പൊന്നുമില്ലാത്ത തരത്തിലുള്ള വെല്ലുവിളികളെ നേരിട്ടു കൊണ്ടിരിക്കയാണ്. ഇതിന് പ്രധാനകാരണം ലോകമാകെ അഭിമുഖീകരിക്കുന്ന കൊവിഡ്-19 മഹാമാരിയുടെ ഭാഗമായുള്ള പ്രതിസന്ധിയാണ്.

നിക്ഷേപ മേഖലകളെ പുനരുജ്ജീവിപ്പിക്കാനും പുതിയ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കാനും പരിസ്ഥിതിയെ പരിരക്ഷിക്കാനും കാലാവസ്ഥ വ്യതിയാനങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കുവാനും പ്രകൃതി ദുരന്തങ്ങളുടെ കാഠിന്യം കുറയ്ക്കാനും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സാമൂഹിക സുരക്ഷ ഉറപ്പുവരുത്താനുമൊക്കെ ഒരു പുനര്‍വിചിന്തനത്തിന്റെ ആവശ്യകത ഉണ്ടായിട്ടുണ്ട്.

‘പ്രതീക്ഷ 2030’ വികസന രേഖ ഇന്ത്യക്ക് അകത്തും പുറത്തുമുളള മലയാളികളുമായി നടത്തിയ കൂടിയാലോചനകളെയും കേരളത്തിന്റെ അടുത്ത ദശാബ്ദത്തിലേക്കുളള പുരോഗതിയെയും സമന്വയിപ്പിക്കാനുള്ള ഒരു ഉന്നതശ്രമമാണ്. യഥാര്‍ത്ഥത്തില്‍ ഇതൊരു ദര്‍ശനരേഖയല്ല സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷകളെ സാക്ഷാത്കരിക്കാനുളള കര്‍മ്മ രേഖയാണ്. ഒരു കാര്യം ഞാന്‍ ഇവിടെ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയും വിശ്വാസവും വീണ്ടെടുത്ത് ദര്‍ശന രേഖയില്‍ പറയുന്ന കാര്യങ്ങള്‍ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തിലും അന്തസത്ത ചോരാതെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വൈകാതെ തന്നെ നടപ്പാക്കി തുടങ്ങും.-സോണിയാ ഗാന്ധി പറഞ്ഞു.

Comments (0)
Add Comment