കപ്പൽ അപകടത്തിൽ പെട്ട 14 ഇന്ത്യൻ നാവികരെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി

കപ്പൽ അപകടത്തിൽ പെട്ട 14 ഇന്ത്യൻ നാവികരെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി. എഞ്ചിൻ തകരാറിനെത്തുടർന്ന് പാറക്കൂട്ടത്തിൽ ഇടിച്ച് അപകടത്തിൽ പെട്ട് പാം ദെയ്‌റയിൽ പെട്ട ചെറുകപ്പലിലെ ജീവനക്കാരെയാണ് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിലേറെ നീണ്ട് രക്ഷാപ്രവർത്തനത്തിനൊടുവിൽ എല്ലാവരെയും സുരക്ഷിതരായി എത്തിക്കാൻ കഴിഞ്ഞുവെന്ന് പോർട് പൊലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ജനറൽ കേണൽ സെയ്ദ് അൽ മദനി പറഞ്ഞു.

രാവിലെ 6.14നാണ് അടിയന്തര സഹായം ആവശ്യപ്പെട്ട് കപ്പലിൽ നിന്നുള്ള സന്ദേശം എത്തിയത്. പാം ദെയ്‌റയിലെ ശക്തമായ കാറ്റും തിരയിലും പെട്ട് കപ്പൽ നിയന്ത്രണം വിടുകയായിരുന്നു. മോശം കാലാവസ്ഥയിലും വളരെ പെട്ടെന്ന് കപ്പൽ കണ്ടെത്താനായത് രക്ഷാപ്രവർത്തിന് സഹായകരമായെന്ന് കേണൽ സെയ്ദ് അൽ മദനി പറഞ്ഞു.

ഖദീജ 7 എന്ന ചെറുകപ്പലിലെ ഇന്ത്യൻ നാവികരുടെ ജീവൻ രക്ഷിച്ച ദുബായ് പൊലീസിന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് നന്ദി പറഞ്ഞു. സാങ്കേതിക പിഴവ് മൂലം അപകടത്തിലായ ചെറുകപ്പൽ പാറക്കൂട്ടത്തിൽ ഇടിച്ച് മോശം അവസ്ഥയിലായിരുന്നുവെന്നും കപ്പലിലേയ്ക്ക് വെള്ളം ഇരച്ചുകയറുന്നുണ്ടായിരുന്നുവെന്നും പോർട് റാഷിദിലേയ്ക്ക് എല്ലാ നാവികരെയും സുരക്ഷിതരായി എത്തിച്ചിട്ടുണ്ടെന്നും രക്ഷാദൗത്യത്തിന് ശേഷം അധികൃതരുടെ ഔദ്യോഗിക ട്വീറ്റും പുറത്ത് വന്നു. ചൊവ്വാഴ്ച രാത്രി മുതൽ എഞ്ചിൻ തകരാറ് മൂലം അലയുകയായിരുന്ന കപ്പൽ അപകടത്തിൽ പെട്ട സന്ദേശം ലഭിച്ച ഉടൻ തന്നെ എത്തി രക്ഷാ ദൗത്യത്തിൽ ഏർപ്പെട്ട് എല്ലാവരെയും സുരക്ഷിതരായി തീരത്തെത്തിച്ച ദുബായ് പൊലീസിന്റെയും ഫെഡറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെയും പ്രവർത്തനങ്ങളെ ഇന്ത്യൻ കോൺസുൽ അഭിനന്ദിച്ചു

Comments (0)
Add Comment