സരിതയ്ക്കെതിരായ തൊഴിൽ തട്ടിപ്പ് കേസില്‍ ബെവ്കോ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും മൊഴി; പരാതിക്കാരന്‍ നല്‍കിയ മൊഴിയുടെ പൂര്‍ണ രൂപം പുറത്ത്

Jaihind News Bureau
Monday, December 14, 2020

സരിത എസ്. നായരുടെ തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ബെവ്കോ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും മൊഴി.  മാനേജര്‍ മീനാകുമാരിക്കു വേണ്ടിയെന്ന പേരില്‍ പ്രതികള്‍ പണം വാങ്ങിയതായാണ് പരാതി.  മീനാകുമാരിയോട് ഫോണില്‍ സംസാരിച്ചെന്നും പരാതിക്കാരന്‍ അരുണ്‍ മൊഴി നല്‍കി.

ബിവറേജസ് കോർപറേഷന്‍റെയും കെടിഡിസിയുടെയും പേരിൽ വ്യാജ നിയമന ഉത്തരവു നൽകിയായിരുന്നു സരിതയും കൂട്ടാളികളും ലക്ഷങ്ങളുടെ തൊഴിൽ തട്ടിപ്പ് നടത്തിയത്. കെടിഡിസി മാനേജിങ് ഡയറക്ടറുടെ പേരിലും ഇന്‍റർവ്യൂവിനുള്ള ക്ഷണപത്രം തയ്യാറാക്കിയായിരുന്നു തട്ടിപ്പ്. കുന്നത്തുകാൽ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് പണം വാങ്ങിയതെന്നും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരെന്ന പേരിൽ പലർ ഫോൺ വിളിച്ച് വിശ്വസിപ്പിച്ചിരുന്നെന്നും പരാതിക്കാർ മൊഴി നൽകി.

സർക്കാരിൽ സ്വാധീനമുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് സരിത എസ്. നായർ പ്രതിയായ നെയ്യാറ്റിൻകരയില്‍ തൊഴിൽ തട്ടിപ്പ് നടന്നിട്ടുള്ളത്.  ബിവറേജസ് കോർപറേഷനിൽ ചിലർക്കു ജോലി കിട്ടിയതിനു പിന്നിലും സരിതയുടെയും സംഘത്തിന്‍റെയും ഇടപെടലുണ്ടെന്നും അതേപ്പറ്റി അന്വേഷണം വേണമെന്നും ആവശ്യമുയർന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെയും നടപടികളൊന്നും ഉണ്ടായിട്ടില്ല.

15 ലക്ഷം വാങ്ങിയ സംഘത്തെക്കുറിച്ച് പരാതിക്കാരന്‍ അരുണ്‍ നല്‍കിയ മൊഴിയുടെ പൂര്‍ണ രൂപം:

നെയ്യാറ്റിന്‍കര പോലീസ് സ്‌റ്റേഷന്‍ എഎസ്‌ഐ രാജന്‍ ടിയോട് തിരുപുറം വില്ലേജില്‍ തിരുപുറത്തൂര്‍ ദേശത്ത് മുള്ളടവിള കുഴിവിള അനുഗ്രഹയില്‍ സെല്‍വ്വരാജ് മകന്‍ അരുണ്‍ (32) പറയുന്ന മൊഴി.

ഞാന്‍ പെരുമ്പഴുതൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ താല്‍ക്കാലിക ജീവനക്കാരനാണ്. ഞാന്‍ ഡിപ്ലോമ വരെ പഠിച്ചിട്ടുണ്ട്. വീട്ടില്‍ ഞാനും അച്ഛനും അമ്മ സരോജവും ഭാര്യ വിന്‍സിയും അനുജന്‍ ആദര്‍ശുമായി താമസിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് പാലിയോട്ട് താമസിക്കുന്ന രതീഷിനെ എനിക്ക് പരിചയം ഉണ്ട്. 2020 ജൂണ്‍ മാസം അവസാനത്തെ ആഴ്ചയില്‍ ഒരു ദിവസം രതീഷ് എ്‌നെ സമീപിച്ച് കെഎസ്ബിഇയില്‍ സ്റ്റോര്‍ അസിസ്റ്റന്റ് വേകന്‍സി ഉണ്ടെന്നും, 15,00,000 രൂപ കൊടുത്താല്‍ ജോലി ശരിയാക്കാമെന്നും എന്നോട് പറഞ്ഞു. എനിക്ക് താല്‍ക്കാലികമായിട്ടെങ്കിലും ജോലി ഉള്ളത് കൊണ്ട് എന്റെ അനുജന്‍ ആദര്‍ശിന് വേണ്ടി ജോലി ശരിയാക്കണമെന്ന് പറയുകയും, രതീഷ് 15,00,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. ആ മാസം അവസാനത്തെ ഒരുദിവസം സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി എന്റെ അനുജന്‍ ഉള്‍പ്പെടെ വിപിന്‍, ലിജിന്‍ എന്നിവരെ സെലക്ട് ചെയ്ത പേപ്പര്‍ കൊണ്ട് കാണിക്കുകയും 2,00,000 രൂപ വേണമെന്ന് എന്നോട് പറഞ്ഞു. അതില്‍പ്രകാരം 2,00,000 രൂപ ഓലത്താന്നിയില്‍വെച്ച് ഞാന്‍ രതീഷിന് കൊടുത്തു. അപ്പോള്‍ കെഎസ്ബിസിയുടെ 2020 ജൂണ്‍ 25ാം തീയതിയില്‍ കെഎസ്ബിസി/എച്ച് ആര്‍/അഡ്മിന്‍/212/2020-21 എ എന്ന പേപ്പര്‍ തന്നു.

അതിന് ശേഷം സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് വേണ്ടി 2020 സെപ്റ്റംബര്‍ മാസത്തില്‍ ആദ്യത്തെ പ്രവര്‍ത്തി ദിവസം പത്ത് മണിയോടുകൂടി ഹാജരാകണമെന്നും (സ്ഥലം പറഞ്ഞിട്ടില്ല.) 2020 ജൂലൈ മാസം 24-ാം തീയതിയിലെ നമ്പര്‍ കെഎസ്ബിസി/എച്ച് ആര്‍/ അഡ്മിന്‍/212/2020/21-എ9 എന്ന കെഎസ്ബിസിയുടെ ഉത്തരവ് എന്നെ കാണിച്ചിട്ട് ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കാന്‍ 1,50,000 രൂപ ആവശ്യപ്പെട്ടു. ഞാന്‍ ഓലത്താന്നിയില്‍ വച്ചെ 1,50,000 രൂപ കൊടുത്തു. അങ്ങനെ കുറച്ച് ദിവസം നീണ്ട് നീണ്ട് പോകുകയും അതിന് ശേഷം ഒടിവി വെരിഫിക്കേഷന്‍ നടത്താന്‍ അപ്പോയ്ന്റ് മെന്റ് ഓര്‍ഡറിനോടൊപ്പം ഒടിവി വെരിഫിക്കേഷന്‍ നടത്താന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നാണ് പറഞ്ഞത്. നെയ്യാറ്റിന്‍കര വില്ലേജ് ആഫീസ് പരിസരത്ത് വെച്ച് എന്നോട് 2,50,000 രൂപ വാങ്ങി. നിയമന കാര്യം നടക്കാതെ നീണ്ടുപോയ സമയം ഞാന്‍ രതീഷിനോട് വിവരം തിരക്കിയപ്പോള്‍ എനിക്ക് കാര്യമായ വിവരം തരാന്‍ കഴിയില്ലെന്നും സെക്രട്ടറിയേറ്റിലെ ഒരു ഉദ്യോഗസ്ഥ നിയമനത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ വിളിക്കുമെന്നും പറഞ്ഞു. അന്ന് വൈകുന്നേരം സെക്രട്ടറിയേറ്റില്‍ നിന്നാണ് എന്ന് പറഞ്ഞ് ഒരു വനിത 7736228826 എന്ന നമ്പറില്‍ നിന്നും വിളിച്ചിട്ട് പിന്‍വാതില്‍ നിയമനമാണെന്നും കോവിഡ് 19 മഹാമാരിയുടെ സമയം ആയതുകൊണ്ട് 3016 ജീവനക്കാര്‍ മാത്രമേ ആഫീസില്‍ ഉണ്ടാകുകയുള്ളൂവെന്നും വിളിച്ച് സ്ത്രീക്ക് സ്വാധീനമുള്ള ആള്‍ക്കാര്‍ വന്നാല്‍ മാത്രമേ ബാക്കിയുള്ള നടപടി നടത്തി അപ്പോയിന്റ്‌മെന്റ് നടത്താന്‍ സാധിക്കുകയുള്ളൂ എന്നും എന്നോട് പറഞ്ഞു. എന്നെ വിളിച്ച സ്ത്രീയുടെ സ്വരം കേട്ടിട്ട് ഞാന്‍ സംശയ രൂപേണ സരിത എസ് നായര്‍ മാഡം അല്ലേ എന്ന് ചോദിക്കുകയും അവര്‍ ആണെന്ന് പറയുകയും ചെയ്തു. പല ആളുകള്‍ക്കും കാശ് കൊടുത്താല്‍ മാത്രമേ കാര്യം നടക്കൂ എന്ന് പറഞ്ഞു.

കേരള സര്‍ക്കാരിന്‍റെ ആരോഗ്യ കേരളം പദ്ധതിയില്‍ നിയമനം നടത്തുന്നത്് ഞാനും മറ്റും ആണെന്നും കഴിഞ്ഞ കാലങ്ങളിലെ വിവാദങ്ങള്‍ ഒന്നും ആവര്‍ത്തിക്കാന്‍ ഇനി താല്‍പര്യപ്പെടുന്നില്ലെന്നും പല ആഫീസുകളിലേയും നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കട്ടെയെന്നും നിങ്ങളുടെ നിയമനവും ശരിയാക്കി തരുമെന്ന്് സരിത എസ് നായര്‍ പറഞ്ഞു. കെഎസ്ബിസിയിലെ ഉദ്യോഗസ്ഥ മീനാകുമാരിക്ക് 1,50,000 രൂപ കൊടുക്കണമെന്നും 2,00,000 രൂപ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കണമെന്നും പറഞ്ഞ് രതീഷിനെ അയക്കും എന്നും രൂപ കൊടുക്കണമെന്നും പറഞ്ഞതിന്‍ പ്രകാരം 2,00,000 രൂപ നെയ്യാറ്റിന്‍കര വില്ലേജ് ഓഫീസ് പരിസരത്ത് വെച്ചും അതിനടുത്ത ദിവസം നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍വെച്ച് 1,50,000 രൂപ ഞാന്‍ രതീഷിനെ ഏല്‍പ്പിച്ചു. അത് കഴിഞ്ഞ് രതീഷ് 2020 ആഗസ്റ്റ് 20-ാം തീയതിയിലെ നമ്പര്‍ 76/2020/ജീവനകാര്യം/ എ/2020-21 എന്ന കെഎസ്ബിസിയുടെ ലെറ്റര്‍ പാഡില്‍ മീനാകുമാരി എന്ന് കൈയൊപ്പ് രേഖപ്പെടുത്തിയതും 2020 സെപ്റ്റംബര്‍ മാസത്തെ ആദ്യത്തെ പ്രവര്‍ത്തി ദിവസം രാവിലെ പത്ത് മണിയോടെ വിദ്യാഭ്യാസ രേഖകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഹാജരാകണം എന്ന കത്ത് തന്ന ശേഷം 1,00,000 രൂപ വേണം എന്ന് സരിത എസ് നായര്‍ ആവശ്യപ്പെടുകയും അക്കൗണ്ട് നമ്പര്‍ എനിക്ക് തരുകയും ചെയ്തു. എനിക്ക് തന്ന സരിത എസ് നായരുടെ അക്കൗണ്ട് നമ്പര്‍ 20359200934(ഐഎഫ്എസ്ഇ കോഡ്: എസ്ബിഐന്‍ 0014360) എന്ന അക്കൗണ്ട് നമ്പറില്‍ 2020ആഗസ്റ്റ് 25, 2020 ആഗസ്റ്റ് 27 എന്നീ തീയതികളില്‍ 49,500 രൂപ വീതം നിക്ഷേപിക്കുകയും ചെയ്തു.

നെയ്യാറ്റിന്‍കര ഗ്രാമത്തിലുള്ള ഏടിഎം ഡിപോസിറ്റ് മെഷിനിലാണ് ഇട്ട് കൊടുത്തത്. മുന്‍പറഞ്ഞ തീയതില്‍ കാര്യം നടക്കാതെ വന്നപ്പോള്‍ ഷാജി പാലിയോട് എന്നയാള്‍ കൂടെകൂടെ വിളിക്കാറുണ്ട്. 9447585854 എന്ന മ്പറില്‍ നിന്നും എന്നെ വിളിച്ചിട്ട് നേരില്‍ കാണണമെന്ന് പറഞ്ഞു. ഞാന്‍ ഷാജി പാലിയോടിന്റെ വീട്ടില്‍പോയി അയാളുടെ വീടിനോട് ചേര്‍ന്നുള്ള പള്ളിയിലിരുന്ന് സംസാരിച്ചു. ഞാനും ഉള്‍പ്പെട്ടിട്ടുള്ള പല നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും നിങ്ങള്‍ ഇതില്‍ തെറ്റിദ്ധരിക്കണ്ടായെന്നും എന്ത് വിവരം ഉണ്ടെങ്കിലും എന്നെ വിളിക്കണമെന്നും പറഞ്ഞു. അതിന് ശേഷം നിയമന കാര്യം നീണ്ടുപോകുന്നത് കണ്ട് ഞാന്‍ ഷാജു പാലിയോടിനെയും രതീഷിനെയും സരിത എസ് നായരും ഫോണില്‍ വിളിക്കുമ്പോള്‍ എല്ലാം ഉടനെ ശരിയാക്കാമെന്ന് പറഞ്ഞതില്‍ സംശയം തോന്നി. കെഎസ്ബിസിയിലെ ഉദ്യോഗസ്ഥയായ മീനാ കുമാരി ഫോണില്‍ വിളിച്ചു 9446347255 എന്ന നമ്പറില്‍ വിൡച്ചപ്പോള്‍ ഞാന്‍ അങ്ങനെ ഒരു ഉത്തരവ് ഇറക്കിയിട്ടില്ലെന്നും സത്യസന്ധതയോടെ ജോലി ചെയ്യുന്ന ആളാണെന്നും പറഞ്ഞു. ഉടനെ തന്നെ സരിത എസ് നായരെ വിളിച്ചു. മീനാകുമാരിയെ വിളിച്ച കാര്യം പറഞ്ഞു. അപ്പോള്‍ സരിത എസ് നായര്‍ ഞാന്‍ അന്വേഷിക്കട്ടെ എന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. അല്‍പ്പം കഴിഞ്ഞ് മീനാകുമാരി എന്നെ വിളിച്ചിട്ട് ‘ നമ്മള്‍ തമ്മില്‍ സംസാരിച്ച കാര്യങ്ങള്‍ നിങ്ങള്‍ മറ്റൊരാളോട് പറയുന്നത് എന്തിനെന്ന് ചോദിച്ച് ദേഷ്യപ്പെട്ടു’ .

നിയമനകാര്യം നടക്കുകയില്ല എന്ന ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ഇവരോട് കൊടുത്ത കാശ് തിരികെ ചോദിച്ച സമയം ഷാജി പാലിയോടും, രതീഷും, സരിതാ എസ് നായരും തിരികെ തരാമെന്ന് പറഞ്ഞു. ഞാന്‍ ഇവരോട് കാശ് ചോദിക്കുമ്പോള്‍ എല്ലാം അവര്‍ക്ക് ബന്ധങ്ങളുള്ള സമൂഹത്തിലെ പല ഉന്നതരെയും കൊണ്ട് പൈസ തരാനുള്ളത് തീയതി മാറ്റിപറയുകയാണ് പതിവ്. അങ്ങനെയിരിക്കെ ഞാന്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് മനസ്സിലാക്കിയ സരിത എസ് നായര്‍ എന്നെ ഫോണില്‍വിളിച്ച് ഞാനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അമ്മയാണ് തീര്‍പ്പ് കല്‍പ്പിക്കുന്നതെന്ന് പറഞ്ഞ് ഫോണ്‍ അമ്മയുടെ കൈയില്‍ കൊടുത്തു. അവര്‍ എന്നോട് ‘ മകനെ, ട്രഷറിയില്‍ കാശ് കിടപ്പുണ്ടെന്നും മൂന്ന് ദിവസത്തിനകം കാശ് തരാമെന്നും പറഞ്ഞു. വയസ്സായ സ്ത്രീ പറയുകയാണെന്നും പറഞ്ഞു. അതിന് ശേഷം പലപ്പോഴും സരിതയുടെ ഫോണില്‍ നിന്നും വിളിച്ച് പല ഒഴിവുകളും പറയാറുണ്ട്.ഒരിക്കല്‍ ഞാന്‍ പയിസ്സ തരാമെന്ന് പറഞ്ഞ 2020 ഡിസംബര്‍ നാലാം തീയതിക്ക് ശേഷമുള്ള ഒരു ദിവസം ഞാന്‍ സരിതയുടെ അമ്മയെ മലയന്‍കീഴിലുള്ള വീട്ടില്‍ പോയി നേരില്‍ കണ്ടു.(മലയന്‍കീഴാണ് വീട്). നാളിത് വരെയും എന്റെ കൈയില്‍ നിന്നും വാങ്ങിയ കാശ് തരില്ലെന്ന് ഉറപ്പായപ്പോഴാണ് ഞാന്‍ പരാതിയുമായി വന്നിട്ടുള്ളത്. മുകളില്‍ പറഞ്ഞിട്ടുള്ള എല്ലാവരുമായി സംസാരിച്ചതിന്റെ വോയിസ് റെക്കോര്‍ഡ് എന്റെ ഫോണിലുണ്ട്. സരിതയുടെ അക്കൗണ്ടില്‍ ഇട്ടുകൊടുത്ത 99,000 രൂപ പോയിട്ടുള്ള 10,50,000 രൂപ രതീഷിന്റെ കൈയില്‍ കൊടുത്തു. അങ്ങനെ മൊത്തം 11,49,000 രൂപ എന്റെ കൈയില്‍ നിന്നും വാങ്ങി. വ്യാജ രേഖകള്‍ ഉണ്ടാക്കി അസലാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എന്നെ ചതിക്കുന്നതിന് വേണ്ടിയാണ് അവര്‍ ഇപ്രകാരം ചെയ്തിട്ടുള്ളത്. മൊഴി വായിച്ച് നോക്കി ശരി തന്നെ അരുണ്‍ എസ്.എസ്

രാജന്‍ ടി
എഎസ്‌ഐ പോലീസ്
നെയ്യാറ്റിന്‍കര പോലീസ് സ്‌റ്റേഷന്‍
2020-12-12