സംസ്ഥാനത്ത് ചൂട് നാല് ഡിഗ്രി വരെ ഉയർന്നേക്കും; ആറ് ജില്ലകളില്‍ മുന്നിറിയിപ്പ്

Jaihind Webdesk
Monday, April 15, 2019

സംസ്ഥാനത്ത് ചൂട് ഇന്ന് ശരാശരിയിൽ നിന്ന് നാല് ഡിഗ്രി വരെ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ആറ് ജില്ലകളിലാണ് മുന്നിറിയിപ്പ് നൽകിയിരിക്കുന്നത്.

പാലക്കാട്, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ചൂടുണ്ടാകുമെങ്കിലും സംസ്ഥാനത്തിന്‍റെ വടക്കൻ ജില്ലകളിൽ ഇന്ന് വേനൽ മഴയെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. തൃശ്ശൂർ, പത്തനംതിട്ട, കൊല്ലം ജില്ലയിലെയും ആലപ്പുഴയിലെയും ചില ഭാഗങ്ങൾ എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, ചൂട് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെ വെയിൽ നേരിട്ടേൽക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.