കലയുടെ കനക കിരീടം ചൂടി കോഴിക്കോട്; രണ്ടാം സ്ഥാനം പങ്കിട്ട് പാലക്കാടും കണ്ണൂരും

Jaihind Webdesk
Saturday, January 7, 2023

 

കോഴിക്കോട്: 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ കിരീടം ചൂടി ആതിഥേയരായ കോഴിക്കോട് ജില്ല. 945 പോയിന്‍റോടെയാണ്  കോഴിക്കോട് കലയുടെ കനക കിരീടത്തില്‍ മുത്തമിട്ടത്. 925 പോയിന്‍റ് വീതം നേടി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്‍റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തെത്തി. ഇത് ഇരുപതാം തവണയാണ് കോഴിക്കോട് കലാകിരീടം സ്വന്തമാക്കുന്നത്.  ഇത് എട്ടാം തവണയാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കലോത്സവത്തിന് കോഴിക്കോട് വേദിയായത്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 446 പോയിന്‍റുമായി കോഴിക്കോട് ഒന്നാമതെത്തി. 443 പോയിന്‍റുമായി പാലക്കാട് രണ്ടാമതും 436 പോയിന്‍റുമായി തൃശൂര്‍ മൂന്നാം സ്ഥാനവും നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 500 പോയിന്‍റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 499 പോയിന്‍റുമായി കോഴിക്കോട് രണ്ടാമതും 482 പോയിന്‍റുമായി പാലക്കാട് മൂന്നാമതും എത്തി. സംസ്‌കൃത കലോത്സവത്തില്‍ 95 പോയിന്‍റുകളോടെ കൊല്ലം ഒന്നാം സ്ഥാനത്തെത്തി. അറബിക് കലോത്സവത്തില്‍ 95 പോയിന്‍റുകള്‍ നേടി പാലക്കാട് ജില്ലയും ഒന്നാമതെത്തി.

ആലത്തൂർ ഗുരുകുലം ഹയർ സെക്കന്‍ഡറി സ്‌കൂൾ ആണ് ഏറ്റവും കൂടുതൽ പോയിന്‍റ് നേടിയ സ്‌കൂൾ. 156 പോയിന്‍റോടെയാണ് ആലത്തൂർ ഗുരുകുലത്തിന്‍റെ നേട്ടം. 142 പോയിന്‍റ് നേടിയ വഴുതക്കാട് കാർമൽ ഇ.എം ഗേൾസ് ഹയർ സെക്കന്‍ഡറി സ്‌കൂൾ രണ്ടാം സ്ഥാനവും 114 പോയിന്‍റോടെ കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. ജനുവരി 3 മുതല്‍ 7 വരെ 24 വേദികളിലായാണ് മത്സരം നടന്നത്. 239 ഇനങ്ങളിലായിരുന്നു കലയുടെ മാറ്റുരയ്ക്കല്‍ നടന്നത്.