Dr SHAIK DARVESH SAHEB| സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിച്ചു

Jaihind News Bureau
Monday, June 30, 2025

ഡി.ജി.പിയും സംസ്ഥാന പോലീസ് മേധാവിയുമായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സര്‍വ്വീസില്‍ നിന്നും വിരമിച്ചു. ഇന്നു വൈകിട്ട് നാലര മണിയോടെ പോലീസ് ആസ്ഥാനത്തെത്തിയ അദ്ദേഹം വീരചരമമടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാര്‍ത്ഥം ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു.

തുടര്‍ന്ന് നടന്ന ചടങ്ങില്‍ അദ്ദേഹം പുതിയ മേധാവി ചുമതലയേല്‍ക്കും വരെ സംസ്ഥാന പോലീസ് മേധാവിയുടെ അധിക ചുമതല വഹിക്കുന്ന ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എച്ച് വെങ്കിടേഷിന് ചുമതല കൈമാറി.

ചുമതലകള്‍ ഔദ്യോഗികമായി കൈമാറിയ ശേഷം അദ്ദേഹം സഹപ്രവര്‍ത്തകരോട് യാത്രപറഞ്ഞു. ആചാരപരമായ രീതിയില്‍ ഡി.ജി.പിയുടെ വാഹനം കയര്‍ കെട്ടിവലിച്ച് ഗേറ്റില്‍ എത്തിച്ചാണ് പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ യാത്രയാക്കിയത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, പോലീസ് ആസ്ഥാനത്തെ ജീവനക്കാര്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്നു രാവിലെ പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന വിടവാങ്ങല്‍ പരേഡില്‍ അദ്ദേഹം സേനയുടെ അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് പോലീസ് ആസ്ഥാനത്ത് നടന്ന ഓദ്യോഗിക യാത്രയയപ്പു ചടങ്ങിലും പങ്കെടുത്തു.