ശബരിമലയിലെ യുവതീപ്രവേശനം നശിപ്പിച്ചത് ഇടതുസർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പിടിവാശിയും ധാർഷ്ട്യവും സംസ്ഥാനത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുമ്പോൾ കേരളം ഓർത്തെടുക്കുന്നത് ഉമ്മൻ ചാണ്ടി സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാടാണ്. യുവതീപ്രവേശം കോടതിയിലെത്തിയപ്പോൾ തന്നെ അനുകൂലിച്ച വി.എസ് സർക്കാരിന്റെ സത്യവാങ്മൂലം പിന്നീട് അധികാരത്തിലെത്തിയ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് എതിർത്തത്. വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ നൽകിയ സത്യവാങ്മൂലത്തിനൊപ്പം രണ്ടാമതൊരു സത്യവാങ്മൂലം കാര്യകാരണങ്ങൾ വിവരിച്ച് നൽകുകയായിരുന്നു യു.ഡി.എഫ് ചെയ്തത്. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും യു.ഡി.എഫ് സർക്കാരിന്റെ നിലപാടിനൊപ്പമായിരുന്നു.
നൂറ്റാണ്ടുകളായി ശബരിമലയിൽ പാലിച്ചുവന്ന ആചാരങ്ങൾ നിലനിർത്തണമെന്നും പത്തിനും അമ്പതിനും ഇടയിലുള്ള വനിതകൾക്ക് അവിടെ ദർശന സൗകര്യം ഒരുക്കേണ്ടതില്ലെന്നും അങ്ങനെ ചെയ്താൽ വിശ്വാസം വ്രണപ്പെടുമെന്നും സത്യവാങ്മൂലത്തിൽ കൃത്യമായി ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമല ക്ഷേത്രം സംബന്ധിച്ച അവസാന വാക്ക് തന്ത്രിയുടെയും മറ്റ് ആചാര്യൻമാരുടെയുമാണെന്നും ഇതിൽ പറഞ്ഞിരുന്നു. പിന്നീട് പിണറായി വിജയന്റെ നേതൃത്വത്തിൽ വന്ന ഇടതുസർക്കാർ ഈ സത്യവാങ്മൂലം പിൻവലിക്കുകയായിരുന്നു. ഇതോടെ യുവതീപ്രവേശനത്തിന് എല്ലാ പിന്തുണയും സർക്കാർ നൽകുകയും ചെയ്തു.
ഇത്തരമൊരു ഘട്ടത്തിൽ ആർ.എസ്.എസ് സംഘപരിവാർ വിഭാഗങ്ങൾ യുവതീപ്രവേശനത്തെ അനുകൂലിക്കുകയായിരുന്നു. ഇതിന്റെ ഫലമായി ആർ.എസ്.എസ് മുഖപത്രമായ കേസരിയിൽ യുവതീപ്രവേശനത്തെ അനുകൂലിച്ച് ലേഖനവും പ്രസിദ്ധീകരിച്ചു. പിന്നീട്‌ള വിധി വന്ന അവസരത്തിലും ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയുടെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിലും ഭാരതീയ വിചാര കേന്ദ്രം ഉപാധ്യക്ഷനും ഇതേ ആവശ്യത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഇതിനു ശേഷം വിശ്വാസികൾ വിധിക്കെതിരെ തെരുവിലിറങ്ങിയതോടെയാണ് ആർ.എസ്.എസും ബി.ജെ.പിയും നിലപാട് മാറ്റി രാഷ്ട്രീയ സുവർണ്ണാവസരം മുതലെടുക്കാൻ അക്രമം തുടങ്ങിയത്.
യുവതീപ്രവേശനം ആദ്യം തന്നെ എതിർത്ത ഉമ്മൻ ചാണ്ടി സർക്കാരിനെയും യു.ഡി.എഫ് നിലപാടിനെതിരെയും ബി.ജെ.പിയും സംഘപരിവറും സി.പി.എമ്മും രൂക്ഷവിമർശനമുന്നയിച്ചു. ഈ നിലപാട് പിണറായി സർക്കാർ തുടർന്നിരുന്നെങ്കിൽ സംസ്ഥാനത്ത് ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാകുമായിരുന്നില്ല. ശബരിമലയിൽ ആദ്യം കാലം മുതൽ പത്ത് വയസ് തികയാത്ത പെൺകുട്ടികളും അമ്പത് വയസ് കഴിഞ്ഞ സ്ത്രീകളും ആചാരപരമായി തന്നെ ദർശനം നടത്തുന്ന അവസ്ഥയാണുണ്ടായിരുന്നത്. ഇത് തുടരണമെന്നായിരുന്നു ഉമ്മൻ ചാണ്ടി സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. അതിനെ സ്ത്രീവിരുദ്ധതയാക്കി വളച്ചൊടിച്ച് ആചാരലംഘനത്തിന് ആക്കം കൂട്ടിയ സിപിഎമ്മും ബിജെപിയുമാണ് തെരുവിൽ ഇപ്പോൾ പോരടിക്കുന്നത്. വിശ്വാസസംരക്ഷണത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ സുവർണ്ണാവസരം മുതലാക്കാൻ ബിജെപി തെരുവിലിറങ്ങിയപ്പോൾ നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് എതിർനിലപാടുമായി സിപിഎമ്മും പ്രതിരോധിക്കാനെത്തി. രണ്ട് സംഘടനകളുടെയും ഇരട്ടത്താപ്പാണ് ഇപ്പോൾ വ്യക്തമാക്കുന്നത്.