തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷകളുടെ മൂല്യനിർണയത്തിന് നിയോഗിക്കപ്പെട്ട അധ്യാപകർക്ക് മൂല്യനിർണയ കേന്ദ്രത്തിൽ എത്തുന്നതിനുള്ള വാഹന സൗകര്യം സർക്കാർ ഒരുക്കി നല്‍കണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ലോക്ഡൗൺ ശക്തമായി നിൽക്കുന്ന, പൊതുഗതാഗതം ഇല്ലാത്ത സാഹചര്യത്തിൽ ദീർഘദൂരം യാത്ര ചെയ്ത് മൂല്യനിർണയ കേന്ദ്രത്തിൽ എത്തിച്ചേരാൻ അധ്യാപകർക്ക് കഴിയില്ല. എല്ലാ മൂല്യനിർണയ കേന്ദ്രങ്ങളിലും എല്ലാ വിഷയങ്ങളും മൂല്യനിർണയത്തിനില്ല. നൂറ് കിലോമീറ്ററിലധികം യാത്ര ചെയ്താൽ മാത്രമേ അധ്യാപകർക്ക് മൂല്യനിർണയ കേന്ദ്രങ്ങളിൽ എത്താൻ സാധിക്കുകയുള്ളൂ.
ലോക്ഡൗൺ പിൻവലിച്ച്, പൊതുഗതാഗതം ആരംഭിച്ച ശേഷമേ, മൂല്യനിർണയം ആരംഭിക്കാവൂ എന്ന നിർദേശം പരിഗണിക്കാതെ തിടുക്കത്തിൽ മൂല്യനിർണയം നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും, അല്ലാത്തപക്ഷം ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കൊടുക്കാൻ സർക്കാർ തയ്യാറാകണമെന്നും കെ.പി.എസ്.ടി.എ.സംസ്ഥാന പ്രസിഡൻ്റ് എം.സലാഹുദീനും ജനറൽ സെക്രട്ടറി സി.പ്രദീപും സർക്കാരിനോട് ആവശ്യപ്പെട്ടു.
യാത്രാ സൗകര്യം ഇല്ലാത്തതിൻ്റെ പേരിൽ മൂല്യനിർണയ കേന്ദ്രത്തിൽ എത്തിച്ചേരാൻ കഴിയാത്ത അധ്യാപകർക്കെതിരെ ഒരു വിധ നടപടിയും സ്വീകരിക്കരുതെന്നും നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു.