ശ്രീറാം ഇപ്പോഴും ഓണ്‍ലൈനില്‍ തന്നെ; എ.സി ഡീലക്സ് റൂം, ടി.വി, ഫോണ്‍… സ്വകാര്യ ആശുപത്രിയില്‍ പ്രതി സുഖിക്കുകയാണ്

Jaihind Webdesk
Sunday, August 4, 2019

തിരുവനന്തപുരം: റിമാന്‍ഡിലായിട്ടും ശ്രീറാം വെങ്കിട്ടരാമന്‍ സ്വകാര്യ ആശുപത്രിയിലെ സുഖസൗകര്യങ്ങളില്‍ കഴിയുകയാണ്. കൂടാതെ ഇദ്ദേഹം ഫോണ്‍ ഉപയോഗിക്കുന്നതായുള്ള തെളിവുകളും പുറത്തുവരികയാണ്. ശ്രീറാമിന്‍റെ സ്വകാര്യ വാട്‌സാപ്പ് നമ്പര്‍ റിമാന്‍ഡിന് ശേഷവും ഓണ്‍ലൈനായി കാണുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ഇതുവരെ പൊലീസ് തയാറായിട്ടില്ല. സ്വകാര്യ ആശുപത്രിയില്‍ എ.സി ഡീലക്സ് മുറിയടക്കമുള്ള സൗകര്യങ്ങളോടെയാണ് ശ്രീറാം കഴിയുന്നത്.

സ്‌കാനിംഗും മറ്റും ഉണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ശ്രീറാമിനൊപ്പം ആശുപത്രിയിലുള്ള ഡോക്ടര്‍മാര്‍ ശ്രീറാമിന്‍റെ സുഹൃത്തുക്കളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫോണ്‍ ഉപയോഗിക്കുന്നതിനും തടസമില്ല. മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ കഴിയാത്ത പരിക്ക് ശ്രീറാമിന് ഇല്ലെന്നും പൊലീസ് സ്വകാര്യ ആശുപത്രിയില്‍ തുടരാന്‍ അനുവദിക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, മദ്യത്തിന്‍റെ അളവ് കുറയ്ക്കാന്‍ മരുന്ന് കഴിച്ചോ എന്ന സംശയവും ശക്തമാണ്.

പൊലീസ് അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തപരിശോധന വൈകിപ്പിച്ചത് തന്നെ ദുരൂഹമാണെന്ന് സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍. സാക്ഷികള്‍ മൊഴി മാറ്റി പറയാന്‍ സാധ്യതയുണ്ടെന്നതടക്കമുള്ള സംശയവും തങ്ങള്‍ക്കുണ്ട്. സിറാജ് പത്രത്തിന്‍റെ അധികൃതരുമായി കൂടിയാലോചിച്ച് തുടര്‍കാര്യങ്ങള്‍ ചെയ്യുമെന്നും അബ്ദുള്‍ റഹ്മാന്‍ വ്യക്തമാക്കി. വാഹനാപകടക്കേസില്‍ ശ്രീറാം വെങ്കട്ടരാമനെ റിമാന്‍ഡ് ചെയ്തിരുന്നു. ശ്രീറാം ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരത്തെ ആശുപത്രിയില്‍ എത്തിയാണ് മജിസ്ട്രേറ്റ് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തത്.