രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിയുണ്ടോ എന്ന് ചോദിച്ച് ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തക ഫോണില്‍ ബന്ധപ്പെട്ടെന്ന് സിപിഐ നേതാവും, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീന ദേവി. സംഭവത്തില്‍ സാങ്കല്‍പിക ഇരകളെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും തന്നെ ഇരയാക്കാന്‍ ഒരു ചാനല്‍ ശ്രമിച്ചെന്നും ശ്രീന ദേവി വ്യക്തമാക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടൂരുള്ള വീട് ഉള്‍പ്പെടുന്ന പ്രദേശത്തെ ജനപ്രതിനിധിയായ ശ്രീന എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീന ഇക്കാര്യം പറഞ്ഞത്.
സിപിഐ നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ശ്രീന ദേവിയാണ് തുറന്ന് പറച്ചില്‍ നടത്തിയിരിക്കുന്നത്. ശ്രീന ദേവിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ഒരു പ്രമുഖ ചാനലിനോടും മാധ്യമ സുഹൃത്തുക്കളോടും പറയാനുള്ളത്.
ഞാന്‍ ശ്രീനാദേവി, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയായ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ്. പാലക്കാട് MLA രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടൂരുള്ള വീട് നില്‍ക്കുന്ന പ്രദേശത്തെ ജനപ്രതിനിധിയുമാണ്.
മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പ്രമുഖ ചാനലിലെ വനിതാ റിപ്പോട്ടര്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും എനിക്ക് നേരിട്ട ദുരനുഭവം പത്തനംതിട്ടയിലെ കുറച്ച് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞ് അറിഞ്ഞു എന്നു പറഞ്ഞുകൊണ്ടാണ് വിളിച്ചത്. ആരാണിത് പറഞ്ഞത് എന്ന് ചോദിച്ച എന്നോട് ‘പേടിക്കണ്ട, മൊത്തത്തില്‍ എല്ലാരും, എല്ലാ മാധ്യമപ്രവര്‍ത്തകരും ഒന്നും അറിഞ്ഞിട്ടില്ല’ എന്ന് എന്നെ സമാധാനപ്പെടുത്തികൊണ്ടുള്ള സംസാരം തുടരുകയായിരുന്നു. ഞാന്‍ രാഹുലിനെതിരെ പരാതി കൊടുത്തിട്ടുണ്ട് എന്നും കേട്ടതായി പറഞ്ഞു. പരാതിയുള്ളത് ഞങ്ങളോട് പറഞ്ഞാല്‍ മതി എന്നും.
എന്നോട് ഏറെ സൗഹൃദത്തോടെ അത്രയും നേരം സംസാരിച്ച മാധ്യമപ്രവര്‍ത്തകയോടുള്ള സ്‌നേഹം നിലനിര്‍ത്തിക്കൊണ്ട് ആ പ്രമുഖ ചാനലിനോടാണ് :
എന്ത് തോന്നുന്നു നിങ്ങള്‍ക്ക് ഇത്തരം മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച്..? എനിക്ക് യാതൊരു പരാതിയും ഉന്നയിക്കാന്‍ ഇല്ലാതിരിക്കെ, കേട്ടുകേള്‍വി ഉണ്ടെന്ന് പറഞ്ഞുകൊണ്ട് പരാതി ഉണ്ടോ എന്നും ചോദിച്ച് വരുന്നത് ശരിയായ മാധ്യമപ്രവര്‍ത്തന ശൈലിയല്ല. സാങ്കല്പിക ഇരകളെ സൃഷ്ടിച്ച് അവര്‍ക്ക് പിന്നാലെ ഇരയെന്നു കേള്‍ക്കുന്നു, നിങ്ങള്‍ ഇരയാണ്, ഞങ്ങള്‍ സംരക്ഷകരാണ് എന്ന് പറയുന്ന നിങ്ങള്‍ ഇരകളെ തേടുന്ന Predator ആയി മാറരുത്. 24×7 വാര്‍ത്തകള്‍ നിറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ മനുഷ്യമനസ്സുകളുടെ മജ്ജയും മാംസവും തിന്നുന്ന മാധ്യമ Psychopath കളായി പരിണമിക്കാതിരിക്കാന്‍ ശ്രമിക്കണം.
നിങ്ങള്‍ക്ക് ആരാണ് ഇങ്ങനെ ഒരു ഉത്തരവാദിത്തം നല്‍കിയത്? പെണ്‍കുട്ടികളുടെ പിന്നാലെ നടന്ന് നിങ്ങള്‍ക്ക് ദുരനുഭവം ഉണ്ടായില്ലേ എന്ന ചോദ്യമുയര്‍ത്തി ശല്യം ചെയ്യുന്ന, സ്ത്രീത്വത്തെ അപമാനിക്കുന്ന ഈ പ്രമുഖ ചാനലിനെതിരെ പോലീസ് കേസെടുക്കണം.
‘കല്ല് കൊത്താനുണ്ടോ കല്ല്’ എന്ന് ഉറക്കെ വിളിച്ചു നടക്കുന്നവരെപ്പോലെ നിങ്ങള്‍ പരാതിക്കാരെ സൃഷ്ടിച്ചെടുക്കാനും തപ്പിയിറങ്ങാനും ഈ കാട്ടുന്ന വ്യഗ്രതയില്‍ നിങ്ങള്‍ കൊത്തിയെടുക്കുന്ന ദുരാരോപണങ്ങളുടെ കല്‍ക്കൂട്ടങ്ങളില്‍ പാകപ്പിഴകള്‍ ഉണ്ടാകരുത്. നിയമത്തിനു മുന്നിലെ തെറ്റുകാര്‍ ആരാണെങ്കിലും ശിക്ഷിക്കപ്പെടും. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമത്തിനുമുന്‍പില്‍ തെറ്റുകാരന്‍ ആണെങ്കില്‍, ശിക്ഷിക്കപ്പെടട്ടെ.
പ്രമുഖ ചാനലിനുള്ള ഈ ‘സ്ത്രീ സംരക്ഷണ അജണ്ട’ ഒരു മാധ്യമപ്രവര്‍ത്തക sexual harassment നേരിടേണ്ടി വന്നപ്പോള്‍ നിശബ്ദത പാലിച്ചു. അത് നിങ്ങളുടെ അന്വേഷണത്തില്‍പ്പെടേണ്ടതല്ലേ? എന്റെ പിന്നാലെ വന്ന നേരത്ത്, പ്രമുഖ ചാനലിന് ആ മാധ്യമപ്രവര്‍ത്തകയെ ചേര്‍ത്തുപിടിച്ച് ‘ഞങ്ങളുണ്ട് കൂടെ’ എന്ന് പറയാമായിരുന്നില്ലേ? ഒരു പരാതി നല്‍കാന്‍ പിന്തുണയ്ക്കാമായിരുന്നില്ലേ? ആരോപണവിധേയനെ മാധ്യമവിചാരണ ചെയ്യാമായിരുന്നില്ലേ? ഒരു ഫേസ്ബുക് പോസ്റ്റിലൂടെ അല്ലാതെ നേരിട്ട ദുരനുഭവം ഉറക്കെ പറയുവാന്‍ കരുത്തു നല്‍കാമായിരുന്നില്ലേ? നിയമനീതി വ്യവസ്ഥകളെ കാറ്റില്‍പറത്താന്‍ തക്ക ത്രാണിയുള്ള നിങ്ങളുടെ മാധ്യമ കണ്ണില്‍പ്പൊടികാറ്റ് ആഞ്ഞുവീശാമായിരുന്നില്ലേ? എന്റെ പിന്നാലെ വന്ന നേരത്തിന്റെ നാമമാത്രം സമയം മതിയായിരുന്നുവല്ലോ, ആ ഉമ്മറപ്പടികടന്ന പെണ്‍കുട്ടിയെ ചേര്‍ത്ത് പിടിക്കാന്‍..?
നാട്ടിലെ എല്ലാരുടെയും പിന്നാലെ ഓടിക്കുഴയുന്ന ഈ പ്രമുഖ ചാനല്‍ വല്ലപ്പോഴും സ്വന്തം അകത്തളങ്ങള്‍ ഒന്ന് തൂത്തു വൃത്തിയാക്കുന്നത് നല്ലതാണ്. അനീതിയുടെ കോഴിപ്പങ്ക് പറ്റി സഹപ്രവര്‍ത്തകയുടെ അഭിമാനത്തിന് വില പറഞ്ഞവര്‍ക്ക് ഒരു ‘ബ്രേക്കിങ് ന്യൂസ്’ ഇല്ലാതെ, 24×7 സ്‌ക്രോളിങ് ന്യൂസ് ഇല്ലാതെ കാട്ടുന്ന ഈ ‘Pseudo സ്ത്രീ സംരക്ഷണ ത്വര’ ചില മാധ്യമങ്ങളുടെ കാപട്യം തുറന്നുകാട്ടുന്നതാണ്. ഈ പ്രമുഖ ചാനല്‍ എന്നോട് കാട്ടിയ ഈ ‘കെയര്‍ ഏട്ടന്‍’ സ്‌നേഹം ആ ഓഫീസ് മുറിയിലെ 4 ചുവരുകള്‍ക്കുള്ളില്‍ നിന്നും തുടങ്ങട്ടെ.
‘എല്ലാരും അറിഞ്ഞു എന്ന് വിഷമിക്കേണ്ട’ എന്ന് എന്നെ ആശ്വസിപ്പിച്ചപ്പോള്‍, എനിക്ക് ദുരനുഭവം ഉണ്ടായി എന്ന് എന്നോട് പറഞ്ഞപ്പോള്‍, എന്റെ അഭിമാനത്തിനേറ്റ മുറിവ് നിങ്ങളുടെ മഞ്ഞപത്രത്തില്‍ പൊതിഞ്ഞാല്‍ ഉണങ്ങുകയില്ല. ഇതെല്ലാം ഒരു അജണ്ടയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഗൂഢാലോചന അന്വേഷണവിധേയമാക്കേണ്ടതാണ്. Genuine പരാതി ഉള്ളവര്‍ മുന്നോട്ട് വരട്ടെ, വാര്‍ത്തകള്‍ സൃഷ്ടിക്കട്ടെ. അതല്ലാതെ ഓരോ വ്യക്തിയേയും അന്വേഷിച്ചു പരാതി ഉണ്ടോ എന്ന് ചോദിക്കുന്ന മാധ്യമപ്രവര്‍ത്തന രീതി ശരിയായി തോന്നുന്നില്ല. പരാതിക്കാരെ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് പരാതിക്കാരെ സൃഷ്ടിക്കുന്നവര്‍ക്കെതിരെ കൂടി അന്വേഷണം നടത്തണം. നിരപരാധികളെ അപമാനിക്കാന്‍ ശ്രമിക്കരുത്.
ഇത്തരത്തിലുള്ള മാധ്യമപ്രവര്‍ത്തനശൈലി പിന്തുണച്ചാല്‍ നാളെ ഇവര്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയ-വ്യക്തിതാല്പര്യ അജണ്ടകള്‍ക്ക് നമ്മുടെ ഓരോരുത്തരുടെയും വേണ്ടപ്പെട്ടവരും വേട്ടയാടപ്പെടും. പരാതിക്കാരെ സൃഷ്ടിച്ചെടുക്കാനുള്ള ഈ ക്രിമിനല്‍ നെട്ടോട്ടം മാധ്യമധര്‍മ്മമല്ല, മര്യാദയല്ല.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിയുണ്ടോ എന്ന് ചോദിച്ച് ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തക ഫോണില്‍ ബന്ധപ്പെട്ടെന്നും സംഭവത്തില്‍ സാങ്കല്‍പിക ഇരകളെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും തന്നെ ഇരയാക്കാന്‍ ഒരു ചാനല്‍ ശ്രമിച്ചെന്നും ശ്രീന ദേവി വ്യക്തമാക്കുന്നു. ഓരോ വ്യക്തിയേയും അന്വേഷിച്ചു പരാതി ഉണ്ടോ എന്ന് ചോദിക്കുന്ന മാധ്യമപ്രവര്‍ത്തന രീതി ശരിയല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമത്തിനു മുന്നില്‍ തെറ്റുകാരനെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്നും ശ്രീന പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടൂരുള്ള വീട് നില്‍ക്കുന്ന പ്രദേശത്തെ ജനപ്രതിനിധിയുമാണ് ശ്രീന. പിണറായി സര്‍ക്കാരും ചില മാധ്യമങ്ങളും രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കേസുകള്‍ ഉണ്ടാക്കാന്‍ ശ്രമം നടത്തുമ്പോഴാണ് ഇടത് മുന്നണിയിലെ തന്നെ ഒരു നേതാവ് ഗൂഢാലോചനാ സംശയം ഉയര്‍ത്തുന്നത്