കൊളംബോ: ആഭ്യന്തരകലാപം അതി രൂക്ഷമായി തുടരുന്ന ശ്രീലങ്കയില്‍ സ്ഥിതിഗതികള്‍ വഷളാകുന്നു. പ്രസിഡന്‍റ് ഗോട്ടബയ രജപക്സയുടെ വസതിയിലേക്ക് പതിനായിരക്കണക്കിന് പ്രക്ഷോഭക്കാര്‍ ഇരച്ചുകയറി. പ്രസിഡന്‍റ് രാജ്യം വിട്ടതായാണ് സൂചന. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജി വെച്ചിട്ടും പ്രസിഡന്‍റ് ഗോട്ടബയ രജപക്‌സെ ആ പദവിയിൽ തുടരുകയായിരുന്നു. ഇപ്പോള്‍ പ്രസഡന്‍റിന്‍റെ വസതി പ്രക്ഷോഭക്കാർ കയ്യേറിയിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ശ്രീലങ്കയിൽ കലാപം പൊട്ടി പുറപ്പെട്ടത്. സ്ഥിതി അതീവ രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധക്കാർ ബസ്, ട്രെയിന്‍ തുടങ്ങി ഗതാഗതമാര്‍ഗങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. കൂടുതൽ പ്രക്ഷോഭകാരികൾ കൊളൊബോയിലേക്ക് എത്തിയിട്ടുണ്ട്. സനത് ജയസൂര്യ അടക്കമുള്ള ലങ്കൻ കായിക താരങ്ങളും പ്രക്ഷോഭത്തിന് നേരിട്ടിറങ്ങി.
പ്രസിഡന്‍റിനെ രാജി ആവശ്യപ്പെട്ട് ശ്രീലങ്കയിൽ പ്രക്ഷോഭം തുടങ്ങിയിട്ട് മാസങ്ങളായി. പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടിയില്‍ 33 പേർക്ക് പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
രാജ്യത്ത് ഇന്ധനം അടക്കമുള്ളവയ്ക്ക് ക്ഷാമം നേരിടുകയാണ്.
സുരക്ഷാ സേനയെ മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് പ്രസിഡന്‍റിനെ വസതിയിലേക്ക് ഇരച്ചുകയറിയത്. വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും യോഗം വിളിച്ചിരിക്കുകയാണ്. എന്നാൽ ഗോട്ടബയ രജപക്സ വസതിയിൽ ഇല്ലെന്നും രാജ്യം വിട്ടെന്നുമാണ് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.