തീവ്രവാദ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ ബുര്‍ഖ അടക്കം മുഖം മറയ്ക്കുന്ന എല്ലാ വസ്ത്രങ്ങളും സര്‍ക്കാര്‍ നിരോധിച്ചു. നിരോധനം ഇന്ന് മുതല്‍ നടപ്പില്‍ വരും. പൊതുസുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പരമ്പരാഗത ഇസ്ലാമിക വേഷമല്ല ബുര്‍ഖ എന്നതിനാല്‍ തന്നെ സുരക്ഷ പരിഗണിച്ച് ഇത് നിരോധിക്കണമെന്ന് ആഷു മരസിംഗെ എംപി പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയ സുരക്ഷയുടെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തടസം സൃഷ്ടിക്കുന്ന യാതൊരു സംഭങ്ങളും ഉണ്ടാകാന്‍ പാടില്ലെന്ന് മുസ്ലിം പണ്ഡിതന്‍മാരുടെ സംഘടനയായ ആള്‍ സിലോണ്‍ ജമാഅത്തുല്‍ ഉലമ പറഞ്ഞു. മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കാന്‍ ഇവര്‍ മുസ്ലിം സ്ത്രീകള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
അതേസമയം, ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്. കേരളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തവർക്ക് സ്‌ഫോടനവുമായി ബന്ധമില്ലെന്ന് എൻഐഎ. സ്‌ഫോടനവുമായി ബന്ധപ്പെട്ടവർ കേരളത്തിൽ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. എന്നാൽ ഇവർ തീവ്ര വർഗീയത പ്രചരിപ്പിച്ചതായി കണ്ടെത്തി.
ശ്രീലങ്കൻ സ്‌ഫോടനം ആസൂത്രണം ചെയ്ത സഹ്രാൻ ഹാഷിമിന്‍റെ പ്രസംഗങ്ങളും ആശയങ്ങളും കസ്റ്റഡിയിലായവർ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് എൻഐഎ വ്യക്തമാക്കി. കസ്റ്റഡിയിലായ പാലക്കാട് സ്വദേശിക്ക് തൗഹീദ് ജമാ അത്തിന്‍റെ തമിഴ്‌നാട് ഘടകവുമായും ബന്ധമുണ്ടെന്ന് എൻഐഎ അറിയിച്ചു. കേസെടുത്ത് അന്വേഷിക്കാനാണ് എൻഐഎയുടെ നീക്കം. കസ്റ്റഡിയിലുള്ളവർക്ക് സിറിയയിലേക്ക് ആളെ കടത്തിയതിൽ ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നു. സഹ്രാൻ ഹാഷിം മുമ്പ് കേരളത്തിൽ എത്തിയതായി തെളിവുകളൊന്നും നിലവിൽ കിട്ടിയിട്ടില്ല. എന്നിരുന്നാലും, സഹ്രാൻ ഹാഷിം കേരളത്തിൽ എത്തിയിരുന്നോയെന്നും പരിശോധിക്കുന്നുമെന്ന് എൻഐഎ അറിയിച്ചു.
കാസർകോട് സ്വദേശികളായ രണ്ട് പേരോട് ഇന്ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വീടുകളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ മൊബൈൽ ഫോണുകളടക്കം പിടിച്ചെടുത്തിരുന്നു.
അതേസമയം, ശ്രീലങ്കയിൽ സ്‌ഫോടനം നടത്തിയ ചാവേറുകൾ കേരളത്തിലും തമിഴ്‌നാട്ടിലുമെത്തിയിരുന്നു എന്ന വിവരത്തെ തുടർന്ന് കേരളത്തിലും തമിഴ്‌നാട്ടിലും തെരച്ചിൽ ശക്തമാക്കിയിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും തൗഹീത് ജമാഅതിന് വേരുകളുണ്ടെന്ന വിവരത്തിൻറെ അടിസ്ഥാനത്തിലാണ് എൻഐഎ പരിശോധന തുടങ്ങിയത്.