അന്ന് കൂകി അപമാനിച്ച കെ എസ് യുക്കാരിയെ ഇന്ന് അഭിവാദ്യം ചെയ്ത് എസ്എഫ്‌ഐക്കാര്‍

Jaihind News Bureau
Tuesday, May 5, 2020

 

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ചരിത്രവിജയം കുറിച്ച ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്‍റ് കളക്ടറായി നിയമിതയായിരിക്കുകയാണ്. നിരവധി പേരാണ് ശ്രീധന്യയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. പഠനകാലത്ത് കെ എസ് യുവിന്‍റെ സജീവപ്രവര്‍ത്തകയായിരുന്ന ശ്രീധന്യക്കെതിരെ നിലയുറപ്പിച്ചിരുന്ന എസ്എഫ്ഐക്കാര്‍ വരെ ഇപ്പോള്‍ അഭിവാദ്യമര്‍പ്പിച്ച് രംഗത്തെത്തുകയും  ശ്രീധന്യയെ എസ്എഫ്ഐ പ്രവര്‍ത്തകയായി ചിത്രീകരിക്കുന്നതുമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

കോഴിക്കോട് ദേവഗിരി കോളേജിലെ പഠനകാലത്താണ് ശ്രീധന്യ സുരേഷ്  കെ എസ് യുവില്‍ സജീവമാകുന്നത്. 2013 ലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസ് തെരഞ്ഞെടുപ്പിൽ ജോയിന്‍റ് സെക്രട്ടറിയായി മത്സരിക്കുകയും ചെയ്തു. എന്നാല്‍ പരാജയപ്പെട്ട അവരെ എസ്എഫ്ഐക്കാര്‍ കൂകി അപമാനിക്കുകയാണ് ചെയ്തത്.

തെരഞ്ഞെടുപ്പില്‍ മീറ്റ് ദ കാൻഡിഡേറ്റിലെ ശ്രീധന്യയുടെ പ്രസംഗത്തിലെ ഭാഷയേയും  എസ്എഫ്ഐക്കാര്‍ പരിഹസിച്ചിരുന്നു. വയനാട്ടിലെ ദളിതരുടെ വാമൊഴിക്ക് പകരം അച്ചടി ഭാഷ ഉപയോഗിച്ചുവെന്നായിരുന്നു അവരുടെ പരിഹാസം. അതേ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെ അഭിനന്ദനവും അഭിവാദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുന്ന വിരോധാഭാസത്തെയാണ് സമൂഹമാധ്യമങ്ങള്‍ ചോദ്യംചെയ്യുന്നത്.

അതേസമയം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളേയും ജീവിത പ്രാരാബ്ധങ്ങളേയും മറികടന്നാണ് ശ്രീധന്യ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ചരിത്രവിജയം കൈവരിച്ചത്. ഇടിയംവയല്‍ അമ്പലക്കൊല്ലി കോളനിയിലെ കൂലിപ്പണിക്കാരായ സുരേഷിന്റേയും കമലയുടേയും മകളായ ശ്രീധന്യ തരിയോട് നിര്‍മല ഹൈസ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ, കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്നും സുവോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷമാണ് സിവില്‍ സര്‍വീസ് പരിശീലനത്തിന് പോയത്. രണ്ടാമത്തെ പരിശ്രമത്തിലാണ് സിവില്‍ സര്‍വീസ് എന്ന എന്ന സ്വപ്നം ശ്രീധന്യ യാഥാര്‍ത്ഥ്യമാക്കിയത്.