രാജ്യത്ത് ഒമിക്രോൺ വ്യാപനം : ഡൽഹിയിൽ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 24 പേർക്ക്


ന്യൂഡൽഹി : രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ ജമ്മുകാശ്മീരിലും ഒഡിഷയിലും ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ ഇരുന്നൂറ്റി പത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 77 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. സംസ്ഥാനത്ത് 54 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഡൽഹിയിൽ ഇന്നലെ മാത്രം 24 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രാജ്യതലസ്ഥാനത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 53 ആയി. തെലുങ്കാന (20 പേർക്ക്), കർണാടക ( 19 പേർക്ക്) രാജസ്ഥാൻ (18 പേർക്ക്), കേരളം (15 പേർക്ക്) ഗുജറാത്ത്( 14 പേർക്ക്) എന്നീ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടുകയാണ്.

മൂന്നാം തരംഗം ഒഴിവാക്കാൻ കഴിയില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഒമിക്രോണിന് ഡെൽറ്റ വകഭേദത്തേക്കാൾ മൂന്നിരട്ടി വ്യാപനശേഷിയുള്ളതിനാൽ പ്രതിരോധ നടപടികളും തയാറെടുപ്പുകളും ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

വാർ റൂമുകൾ സജ്ജമാക്കണം, ഒമിക്രോണിനൊപ്പം പല സംസ്ഥാനങ്ങളിലും ഡെൽറ്റ വകഭേദം കൂടിയുള്ള സാഹചര്യത്തിൽ പ്രാദേശിക, ജില്ലാ തലങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം, രോഗവ്യാപനം തടയാൻ രാത്രി കർഫ്യൂ, ആൾക്കൂട്ട നിയന്ത്രണം, ഓഫീസുകളിലെ ഹാജർ ക്രമീകരണം, ഗതാഗത സംവിധാനങ്ങളിൽ യാത്രക്കാരുടെ നിയന്ത്രണം എന്നിവ നടപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കയച്ച കത്തിൽ പറയുന്നു.

 

Comments (0)
Add Comment