ഓണക്കാലത്ത് പ്രത്യേക ട്രെയിനുകൾ അനുവദിക്കണം: റെയില്‍വേ മന്ത്രിക്ക് കെ. സുധാകരൻ എംപിയുടെ കത്ത്

Jaihind Webdesk
Tuesday, August 22, 2023

 

ഓണക്കാലത്ത് കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികൾക്ക് പ്രത്യേക ട്രെയിൻ സർവീസ് അനുവദിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു.

ഓണം അവധി സമയത്ത് ലക്ഷക്കണക്കിന് മലയാളികളാണ് നാട്ടിലേക്ക് മടങ്ങാൻ ട്രെയിനെ ആശ്രയിക്കുന്നത്. ചെന്നൈ, ബംഗളുരു, മംഗലാപുരം എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരം വരെ സർവീസ് നടത്തുന്ന പ്രത്യേക ട്രെയിനുകൾ അനുവദിക്കുകയാണെങ്കിൽ ഈ ഉത്സവകാലത്ത് അതേറെ ഗുണകരമാണ്. വിദ്യാർത്ഥികൾക്കും ജോലി സംബന്ധമായ മറ്റ് ആവശ്യങ്ങൾക്കും അന്യനാടുകളിലേക്ക് പോയവർക്ക് മടങ്ങിവരാൻ ഈ പ്രത്യേക സർവീസ് സഹായിക്കും.

ഈ ഉത്സവകാലത്ത് നിരവധി പേരാണ് നാട്ടിലേക്ക് ഓണം ആഘോഷിക്കാനായി മടങ്ങുന്നത്. നിലവിൽ സർവീസ് നടത്തുന്ന മിക്ക ട്രെയിനുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പലപ്പോഴും ടിക്കറ്റ് കിട്ടാതെ പലരുടെയും യാത്ര മുടക്കുന്ന സാഹചര്യമുണ്ട്. ഇതുകൂടി പരിഗണിച്ച് പ്രത്യേക ട്രെയിൻ അനുവദിക്കണമെന്നും കെ. സുധാകരൻ എംപി കേന്ദ്ര റെയിൽവേ മന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടു.