കൊവിഡ് പ്രതിരോധം: സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത വേണം, സംസ്ഥാനങ്ങളുമായി കേന്ദ്രം ഏകോപനം നടത്തണമെന്ന്‌ രാഹുല്‍ ഗാന്ധി | VIDEO

 

കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്‍റെ  പ്രവര്‍ത്തനങ്ങളില്‍ സുതാര്യത വേണമെന്ന് രാഹുല്‍ ഗാന്ധി. ജനങ്ങളുടെ ബുദ്ധിമുട്ട് സര്‍ക്കാര്‍ മനസിലാക്കുന്നില്ല. സംസ്ഥാനങ്ങളുമായി കേന്ദ്രം കൃത്യമായി ഏകോപനം നടത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ലോക്ഡൗണിന് ശേഷം എന്തെന്ന കാര്യത്തില്‍പദ്ധതികൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാൻ കേന്ദ്ര സർക്കാരിന് വ്യക്തമായ പദ്ധതികളില്ല. അതിഥി തൊഴിലാളികൾക്കും പാവങ്ങൾക്കുമായി 65, 000 കോടി രൂപ അടിയന്തരമായി നൽകണം. 7,500 രൂപ വീതം ഇവരുടെ അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കണം. നിലവിലെ തൊഴിലില്ലായ്മ സുനാമിയായി മാറിയേക്കാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കൊവിഡ്കാലത്ത് ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണം. അതിഥി തൊഴിലാളികളെയും ചെറുകിട വ്യവസായങ്ങളെയും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ് പോരാട്ടം കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ ഒരുമിച്ച്‌ നടത്തേണ്ട ഒന്നാണ്. ഈ ഏകോപനമില്ലായ്മ കൊവിഡ് സോണുകൾ തിരിക്കുന്നതിൽ പോലും പ്രകടമാണ്. പ്രധാനമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് പോരാടിയാൽ മാത്രം വിജയിക്കുന്ന പോരാട്ടമല്ല കൊവിഡിനെതിരെ നടക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

രാജ്യത്തെ സമ്പത്ത് വ്യവസ്ഥ നിശ്ചലമാണ്. സമ്പത്ത് വ്യവസ്ഥയെ ചലിപ്പിക്കാൻ പദ്ധതികൾ വേണം. ആരോഗ്യ സേതു ആപ്പിന്റെ സുരക്ഷയിൽ ഇപ്പോഴും ചോദ്യങ്ങൾ ഉയരുന്നുണ്ട്. സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകേണ്ടത് അത്യാവശ്യമാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

 

 

 

Comments (0)
Add Comment