പുല്‍വാമയില്‍ തീവ്രവാദികള്‍ പൊലീസുദ്യോഗസ്ഥനെയും ഭാര്യയെയും മകളെയും കൊലപ്പെടുത്തി

Jaihind Webdesk
Monday, June 28, 2021

ജമ്മു കശ്മീരിലെ പുൽവാമയിൽ തീവ്രവാദികളുടെ ആക്രമണത്തില്‍ പൊലീസുദ്യോഗസ്ഥനും ഭാര്യയും മകളും കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാവിലെയോടെയാണ് മകള്‍ മരണത്തിന് കീഴടങ്ങിയത്. ആക്രമണത്തിന് പിന്നില്‍ പാക് ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് ആണെന്നാണ് പൊലീസിന്‍റെ നിഗമനം. ജമ്മു വ്യോമതാവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് മണിക്കൂറുകള്‍ക്കിപ്പുറമാണ് ഈ സംഭവം.

സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ ഫയാസ് അഹമ്മദും ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നു. ഞായറാഴ്ച രാത്രി തീവ്രവാദികൾ അവരുടെ വീട്ടിൽ അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല. വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയ  മകൾ റാഫിയയും തിങ്കളാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു.

പ്രദേശം സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. അക്രമികളെ കണ്ടെത്താനായി തിരച്ചിൽ ആരംഭിച്ചു. ഒരു വിദേശിയടക്കം രണ്ട് ജയ്ഷ് ഇ മുഹമ്മദ്  തീവ്രവാദികളാണ് കൊലപാതകത്തിൽ ഉൾപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ജമ്മുവിലെ വ്യോമസേനാ താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിലും പാക് ഭീകരരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.