ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് വീണ്ടും പ്രത്യേക വിമാന സര്‍വീസുകള്‍ : ഓഗസ്റ്റ് 15 വരെയുള്ള ബുക്കിംഗ് തുടങ്ങി ; സന്ദര്‍ശക വിസക്കാരുടെ യാത്രയില്‍ അവ്യക്തത

Jaihind News Bureau
Friday, July 31, 2020

ദുബായ് : ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് പ്രത്യേക വിമാന സര്‍വീസുകള്‍ വീണ്ടും പ്രഖ്യാപിച്ചു. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഇന്ത്യയില്‍ നിന്ന് അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേയ്ക്ക്  എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനക്കമ്പനിയാണ് സര്‍വീസ് നടത്തുക. ഇതിനായുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.  യു.എ.ഇയുടെ ഐ.സി.എ അല്ലെങ്കില്‍ ദുബായിയുടെ  ജി.ഡി.ആര്‍.എഫ്.എ എന്നിവയുടെ അനുമതി, കൊവിഡ് പി.സി.ആര്‍ പരിശോധന എന്നിവ നടത്തിയവര്‍ മാത്രമാണ് യാത്രയ്ക്ക് തയാറാകേണ്ടത്.

നേരത്തെ ഇന്ത്യയില്‍ കുടുങ്ങിയ യുഎഇ താമസ വീസക്കാര്‍ക്ക് തിരിച്ചുവരാന്‍ ഈ മാസം 12 മുതല്‍ 26 വരെ പ്രത്യേക വിമാന സര്‍വീസ് അനുവദിച്ചിരുന്നു. കോവിഡ് ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിയ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് ഇത് ഏറെ സഹായകമായിരുന്നു. അതേസമയം സന്ദര്‍ശ വിസയില്‍ ഇന്ത്യക്കാര്‍ക്ക് യു.എ.ഇയിലേക്ക് ഇപ്പോള്‍ മടങ്ങാനാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞ ദിവസം ദുബായ് ഇമിഗ്രേഷന്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്ന നടപടി ആരംഭിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ഇത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.