മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്ക് പ്രശ്‌നപരിഹാരത്തിന് പ്രത്യേക കോര്‍പറേഷനുകള്‍ രൂപീകരിക്കണം ; സര്‍ക്കാരിനോട്‌ കെപിസിസി ന്യൂനപക്ഷ വിഭാഗം

Jaihind Webdesk
Sunday, May 30, 2021

തിരുവനന്തപുരം:  കേരളത്തിലെ മത സാമുദായിക സൗഹാർദ്ദം ഊട്ടിയുറപ്പിക്കാന്‍ മുസ്ലിം ക്രിസ്ത്യൻ സമുദായങ്ങൾക്ക് പ്രശ്ന പരിഹാരങ്ങൾക്ക് പ്രത്യേക കോര്‍പറേഷനുകള്‍ രൂപീകരിക്കണമെന്ന് സര്‍ക്കാരിനോട്‌ കെപിസിസി ന്യൂനപക്ഷ വിഭാഗം ചെയർമാൻ കെ.കെ കൊച്ചു മുഹമ്മദ് ആവശ്യപ്പെട്ടു.

സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുസ്ലിം സമുദായത്തിന്‍റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കൊണ്ടുവന്ന ക്ഷേമ പദ്ധതികൾ പൂർണമായും മുസ്ലീം സമുദായത്തിന്‌ മാത്രം അവകാശപ്പെട്ടതാണ്. ഈ വസ്തുത കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ വന്ന വീഴ്ചയും പദ്ധതി നടത്തിപ്പിന് വേണ്ടി ഇറക്കിയ ഉത്തരവുകളും പരിഷ്കാരങ്ങളും ആണ് 80:20 അനുപാതം റദ്ദാക്കികൊണ്ടുള്ള കോടതി വിധിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

2011ജനുവരി 31ന് അച്യുതാനന്ദൻ സർക്കാരിന്‍റെ മുസ്ലിം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് അവസര നഷ്ടം വരാത്ത വിധത്തിൽ 10മുതൽ 20%വരെ സീറ്റുകളിൽ മറ്റ് ന്യൂനപക്ഷ മതവിഭാഗങ്ങൾക്കും മറ്റ് പിന്നാക്ക സമുദായങ്ങൾക്കും കൂടി പ്രവേശനം അനുവദിച്ചു ഉത്തരവായി. കോച്ചിംഗ് സെന്‍റർ ഫോർ മുസ്ലിം യൂത്ത് എന്ന പേര് മന്ത്രി കെ.ടി ജലീലിന്‍റെ കാലത്ത് കോച്ചിംഗ് സെന്‍റർ ഫോർ മൈനോരിറ്റി യൂത്ത് എന്നാക്കി മാറ്റി.

നിലവിൽ ഇതരവിഭാഗങ്ങളുടെ പ്രശ്നപരിഹാരത്തിന് മുന്നാക്ക വികസന കോർപറേഷനും പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷനും പട്ടിക ജാതി വികസന കോർപറേഷനും ഉണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലെ മത സാമുദായിക സൗഹാർദം ഊട്ടിയുറപ്പിക്കാന്‍ മുസ്ലിം ക്രിസ്ത്യൻ സമുദായങ്ങൾക്ക് പ്രശ്ന പരിഹാരങ്ങൾക്ക് പ്രത്യേകം കോര്‍പറേഷനുകള്‍ രൂപീകരിക്കണമെന്നാണ് ആവശ്യം.