നിയമസഭയിൽ വെയ്ക്കുംമുമ്പ് സിഎജി റിപ്പോർട്ടിന്‍റെ ഉള്ളടക്കം ധനമന്ത്രി വെളിപ്പെടുത്തിയതിൽ സ്പീക്കർക്ക് അതൃപ്തി; വിശദീകരണം വൈകുന്നതിലും വിയോജിപ്പ്

നിയമസഭയിൽ വെയ്ക്കുംമുമ്പ് സിഎജി റിപ്പോർട്ടിന്‍റെ ഉള്ളടക്കം ധനമന്ത്രി വെളിപ്പെടുത്തിയതിൽ സ്പീക്കർക്ക് അതൃപ്തി. ഐസക്കിന്‍റെ വിശദീകരണം വൈകുന്നതിലും സ്പീക്കർ വിയോജിപ്പ് രേഖപ്പെടുത്തി. അവകാശലംഘന നോട്ടീസിൽ നിയമോപദേശം തേടാനും ആലോചന.

ഭരണഘടനാ സ്ഥാപനമായ സി.എ.ജി യുടെ റിപ്പോർട്ടിലെ ഉള്ളടക്കം നിയമസഭയിൽ വെക്കും മുൻപ് ധനമന്ത്രി തോമസ് ഐസക്ക് വെളിപ്പെടുത്തിയ നടപടിയിലാണ് സ്പീക്കർ അതൃപ്തി രേഖപ്പെടുത്തിയത്. നിയമസഭയെ അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതിലാണ് സ്പീക്കർക്ക് അതൃപ്തി.

സിഎജി റിപ്പോർട്ട് നിയസഭയുടെ ടേബിളിൽ വയ്ക്കും വരെ രഹസ്യ സ്വഭാവത്തിൽ സൂക്ഷിക്കേണ്ട രേഖയാണ്. അത് രഹസ്യ സ്വഭാവത്തിൽ സൂക്ഷിക്കാൻ ബാധ്യസ്ഥനായ ആളാണ് ധനമന്ത്രി. എന്നാൽ ധനമന്ത്രി തന്നെ മാധ്യമങ്ങളിലൂടെ സിഎജി റിപ്പോർട്ടിന്റെ ഉളളടക്കം വെളിപ്പെടുത്തി. ആദ്യം കരട് റിപ്പോർട്ടാണ് എന്ന് അവകാശപ്പെട്ടെങ്കിലും പിന്നീട് അന്തിമ റിപ്പോർട്ടാണെന്ന് ധനമന്ത്രിക്ക് സമ്മതിക്കേണ്ടി വന്നിരുന്നു. അതിനാൽ വിഷയം അവകാശലംഘനത്തിന്റെ പരിധിയിൽ വരുന്നതാണ്. എന്നാൽ ഐസക്കിന് നിയമസഭയുടെ നടപടി നേരിടേണ്ടി വരുമോയെന്ന കാര്യത്തിൽ സ്പീക്കറുടെ നിലപാട് നിർണായകമാകും. ധനമന്ത്രിയുടെ നിരന്തരമുളള പ്രസ്താവനകൾ നിയമസഭയെ ഒരു വിവാദത്തിലേക്ക് വലിച്ചിഴക്കുന്നുവെന്നതിലും സഭയ്ക്ക് വിയോജിപ്പുണ്ട്.

അതേസമയം, പ്രതിപക്ഷം നൽകിയിരിക്കുന്ന അവകാശലംഘന നോട്ടീസ് തള്ളിക്കളയാനും സ്പീക്കർക്ക് കഴിയില്ല. മറിച്ച് അത് പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി വിടേണ്ടി വരും. സ്പീക്കേഴ്സ് കോൺഫറൻസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്താണ് സ്പീക്കറുളളത്. അടുത്ത ആഴ്ചയോടെ മാത്രമേ സ്പീക്കർ കേരളത്തിലേക്ക് മടങ്ങിയെത്തൂ. അങ്ങനെയെങ്കിൽ വിഷയത്തിൽ നടപടി ഉൾപ്പെടെയുള്ള കാര്യത്തിൽ ഒരാഴ്ച്ച കൂടി കാത്തിരിക്കണം.

https://youtu.be/yHn3oR2otSE

Comments (0)
Add Comment