ഊരാളുങ്കലിനോട് ബഹുമാനം ; ന്യായീകരിച്ച് സ്പീക്കർ

 

തിരുവനന്തപുരം:  ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണ പരിധിയിലുള്ള ഊരാളുങ്കൽ സൊസൈറ്റിയെ ന്യായീകരിച്ച് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഊരാളുങ്കലിനോട് ബഹുമാനമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.  ഊരാളുങ്കലിന് കരാര്‍ നല്‍കിയത് ഇ–വിധാന്‍ സഭ ഒരുക്കുന്നതിനാണ്. ഊരാളുങ്കലിന്‍റെ സത്യസന്ധതയും സൂക്ഷ്മതയും ലോകം അംഗീകരിച്ചതാണെന്നും സ്പീക്കർ ന്യായീകരിച്ചു.

അതേസമയം മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് നിരവധി ബിനാമി ഇടപാടുകൾ ഉണ്ടെന്ന് ഇ.ഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വടകര കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയുടെ ഭാഗമായി ഊരാളുങ്കൽ ലേബർ സൊസൈറ്റിയിലും ഇ.ഡി റെയ്ഡ് നടത്തി. പല കരാറുകളിലും ക്രമക്കേടുകളുള്ളതായും സാമ്പത്തിക ഇടപാടുകളടക്കം നടന്നത് സി.എം രവീന്ദ്രനെ കേന്ദ്രീകരിച്ചാണെന്നും ഇ.ഡി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് പരിശോധിച്ച് സി എം രവീന്ദ്രനെ ഇ. ഡി ചോദ്യംചെയ്യാൻ ഇരിക്കെയാണ് ഊരാളുങ്കിനെ ന്യായീകരിച്ച് സ്പീക്കർ രംഗത്തെത്തിയത്.

വിശ്വാസ്യതയുള്ള സ്ഥാപനങ്ങളുടെ സർക്കാർ പട്ടികയിൽ ഊരാളുങ്കൽ സൊസൈറ്റി ഉണ്ടെന്നും അത്തരം സ്ഥാപനങ്ങൾക്ക് ടെൻഡർ വിളിക്കാതെ കരാർ നൽകാമെന്ന സർക്കാർ ഉത്തരവ് ഉണ്ടെന്നും സ്പീക്കർ വ്യക്തമാക്കി. ഊരാളുങ്കലിനോട് ബഹുമാനമാണെന്നും പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനം ഊരാളുങ്കലിന്‍റെ ചരിത്രം മനസിലാക്കാതെയാണെന്നും സ്പീക്കർ പറഞ്ഞു.

Comments (0)
Add Comment