കെ.എസ്.ആർ.ടി.സി യിലും സ്‌പേസ് പാർക്ക് മോഡൽ നിയമനം; കരാർ നിയമനം ഉന്നത തസ്തികയിൽ

Jaihind News Bureau
Friday, October 23, 2020

KSRTCയിൽ ഒന്നരലക്ഷം ശമ്പളം നൽകി അനധികൃത കരാർ നിയമനം.. യോഗ്യതകളില്ലാത്തയാൾക്ക് കരാർ നിയമനം നൽകിയതിന് പിന്നിൽ മന്ത്രിമാരെന്ന ആക്ഷേപം ശക്തമാകുന്നു. കോടികളുടെ ഇടപാട് നടത്തുന്നത് യോഗ്യതകളില്ലാത്ത താൽക്കാലിക ഉദ്യോഗസ്ഥ. സർക്കാർ നേരിട്ട് നിയമിച്ച കരാർ ജീവനക്കാരിക്ക് ജനറൽ മാനേജറാകാനുള്ള യോഗ്യതകളില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ ചെയർമാൻ സർക്കാരിന് നൽകിയെങ്കിലും നടപടിയെടുക്കാതെ സർക്കാർ .

കെ.എസ്.ആർ.ടി.സി യുടെ തലപ്പത്തും സർക്കാർ നടത്തിയത് അനധികൃത കരാർ നിയമനമാണെന്നതിൻ്റെ തെളിവുകളാണ് പുറത്ത് വരുന്നത് . ഒന്നര ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിൽ ഫൈനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ ജനറൽ മാനേജരായാണ് കോഴിക്കോട് സ്വദേശിനിയായ എസ് ആനന്ദകുമാരിയെ 2018 മുതൽ KSRTC യുടെ ചീഫ് ഓഫീസിൽ നിയമിച്ചിരിക്കുന്നത്.

സർക്കാരിന്റെ ട്രാൻസ്‌പോർട് വകുപ്പ് തന്നെ അപേക്ഷ നേരിട്ട് സ്വീകരിച്ചാണ് കരാർ വ്യവസ്ഥയിൽ ജനറൽമാനേജരെ നിയമിച്ചത്. നാളിതുവരെ കെഎസ്ആർടിസി ചീഫ് അക്കൗണ്ട്സ് ഓഫീസറുടെ ചുമതലയുള്ള പ്രസ്തുത തസ്തികയിൽ കേന്ദ്രസർക്കാർ ഓഡിറ്റ് വകുപ്പിലെ ഇന്ത്യൻ ഓഡിറ്റ് & ‘അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥനെയോ ഫിനാൻസ് വകുപ്പ് ഉദ്യോഗസ്ഥനെയോ ആണ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ചിരുന്നത്. എന്നാൽ നിയമനം ലഭിച്ച അനന്തകുമാരിക്ക് പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് 2012 ൽ കറസ്പോണ്ടൻസ് കോഴ്സിൽ MBA പാസ്സായി എന്നുള്ളത് മാത്രമാണ് യോഗ്യത. തസ്തികയ്ക്ക് ആവശ്യമായ പ്രവൃത്തി പരിചയം പോലുമില്ല.യോഗ്യതകൾ മറച്ചുവച്ചുകൊണ്ട് സർക്കാർ നേരിട്ട് നടത്തിയ നിയമനം ക്രമവിരുദ്ധമായതുകൊണ്ട് മേൽ വിഷയത്തിൽ ശക്തമായ തുടർനടപടി സ്വീകരിക്കണമെന്ന് വിശദീകരിച്ചു് കഴിഞ്ഞ മാർച്ച്‌ മാസം 2 ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന എം. പി. ദിനേശ് IPS ട്രാൻസ്‌പോർട് സെക്രട്ടറിക്ക് കത്ത് അയച്ചുവെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഇതിനു പുറമേ കമ്പ്യൂട്ടറൈസേഷന്റെയും പ്രതിദിന കളക്ഷന്‍റെയും അധികചുമതൽകൂടി കരാർ ഉദ്യോഗസ്ഥക്ക് നൽകി പുതിയ ഡയറക്ടർ ഉത്തരവിറക്കിയിരിക്കുകയാണ്.

ബസ്സുകളിൽ ജി പി എസ് സ്ഥാപിക്കുന്നതിനു 17 കോടി രൂപ സർക്കാർ അനുവദിച്ചതിന് തൊട്ടുമുൻപ് കരാർ ഉദ്യോഗസ്ഥക്ക് അധികചുമതലകൂടി നൽകിയതിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട് . പി.എസ്.സി യിലൂടെ നിരവധി അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ നിൽക്കുമ്പോഴും
അനധികൃത നിയമനങ്ങൾ തുടർക്കഥയാക്കുന്ന ഇടത് സർക്കാർ നയത്തിൻ്റെ ഒടുവിലത്തെ ഉദാഹരണം കൂടിയാണിത്.