മാപ്പ്, മാപ്പ്…. വിവാദ പരാമർശത്തിലെ പ്രസ്താവന പിന്‍വലിച്ച് സുരേഷ് ഗോപി

Jaihind News Bureau
Sunday, February 2, 2025

ന്യൂഡല്‍ഹി: ആദിവാസി സമൂഹത്തിന് നേരെയുള്ള പ്രസ്താവന പിന്‍വലിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആദിവാസി വകുപ്പ് ഉന്നതകുലജാതര്‍ ഭരിച്ചാലേ പുരോഗതിയുണ്ടാകൂവെന്നാണ് സുരേഷ് ഗോപി മണിക്കൂറുകള്‍ക്ക് മുന്‍പ് നടത്തിയ പ്രസ്താവന. എന്നാല്‍ പറഞ്ഞ വാക്കുകള്‍ വിവാദമായതോടെ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്. തന്റെ വാക്കുകളും വിശദീകരണവും ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്‍വലിക്കുകയാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹി മയൂര്‍വിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദമുയര്‍ത്തിയ പ്രസ്താവന. ഉന്നതകുലജാതരാണ് ആദിവാസി വകുപ്പ് ഭരിക്കാന്‍ യോഗ്യരെന്നും ബ്രാഹ്മണനോ,നായിഡുവോ ഗോത്രവര്‍ഗത്തിന്റെ കാര്യങ്ങള്‍ നോക്കട്ടെയെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാല്‍ വേര്‍തിരിവ് അകറ്റണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും താന്‍ പറഞ്ഞത് വളച്ചൊടിക്കപ്പെട്ടതാണെന്നുമാണ് സുരേഷ് ഗോപി ഇപ്പോള്‍ പറഞ്ഞത്.

”2016 മുതല്‍ പ്രധാനമന്ത്രി മോദിയോട് തനിക്ക് ആദിവാസി വകുപ്പ് തരുമോയെന്ന് ചോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍,  ട്രൈബല്‍ ക്യാബിനറ്റ് മന്ത്രി ഒരിക്കലും ട്രൈബല്‍ അല്ലാത്ത ഒരാള്‍ ആകില്ലെന്നത് നമ്മുടെ നാട്ടിലെ ഒരു ശാപമാണ്. എന്‍റെ സ്വപ്നമാണ്, ഒരു ഉന്നതകുല ജാതന്‍ അവരുടെ ഉന്നമനത്തിന് വേണ്ടി ട്രൈബല്‍ മന്ത്രിയാകണം എന്നുള്ളത്. ട്രൈബല്‍ മന്ത്രിയാകാന്‍ ആളുണ്ടെങ്കില്‍ അദ്ദേഹത്തെ മുന്നോക്ക ജാതികളുടെ ഉന്നമനത്തിനുള്ള മന്ത്രിയാക്കിയാല്‍ തന്നെ ആ വകുപ്പില്‍ മുന്നേറ്റമുണ്ടാകും. ഈ പരിവര്‍ത്തനമാണ് നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ ഉണ്ടാകേണ്ടത്.” ഇതായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമർശം. പ്രസംഗത്തിലെ പരാമര്‍ശം വലിയ വിവാദമായതോടെയാണ് പ്രസ്താവന പിന്‍വലിക്കുന്നതായി സുരേഷ് ഗോപി അറിയിച്ചത്.