എന്റെ സുരക്ഷയെക്കുറിച്ചോര്‍ത്ത് അമ്മയ്ക്ക് ഭയമാണ്: രാഹുല്‍

മുംബൈ: കോണ്‍ഗ്രസ് നേതൃനിരയിലേക്കുള്ള തന്റെ പ്രവേശനം ഏറെ സന്തോഷത്തോടെയാണ് തന്റെ അമ്മ പ്രഖ്യാപിച്ചതെങ്കിലും തന്റെ സുരക്ഷയോര്‍ത്ത് അവര്‍ക്ക് ആശങ്കയാണെന്ന് രാഹുല്‍ ഗാന്ധി.  തെരഞ്ഞെടുപ്പ് റാലികള്‍ ഉള്‍പ്പെടെ താങ്കള്‍ നടത്തുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും സോണിയാ ഗാന്ധി അന്വേഷിക്കാറുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തീര്‍ച്ചയായും ഉണ്ടെന്നായിരുന്നു രാഹുലിന്റെ മറുപടി. ഞാന്‍ എവിടെയാണെന്ന് അവര്‍ അന്വേഷിച്ചുകൊണ്ടേയിരിക്കും. എന്റെ സുരക്ഷയെക്കുറിച്ചോര്‍ത്ത് അവര്‍ക്ക് ഭയമാണ്. പ്രത്യേകിച്ചും ഹെലികോപ്റ്ററിലും വിമാനത്തിലുമൊക്കെയുള്ള എന്റെ യാത്ര അവരെ അസ്വസ്ഥയാക്കുന്നുണ്ടെന്നാണ് തോന്നുന്നത്”- രാഹുല്‍ പറഞ്ഞു.

ഒരു നേതാവെന്ന നിലയില്‍ ഞാന്‍ വളര്‍ന്നോ എന്ന് പറയേണ്ടത് താനല്ല മറ്റുള്ളവരാണെന്നും രാഹുല്‍ പറഞ്ഞു. ‘എന്നെക്കുറിച്ച് പറയേണ്ടത് ഞാനല്ല. എന്നാല്‍ എന്നില്‍ തീര്‍ച്ചയായും മാറ്റങ്ങള്‍ ഉണ്ട്. എന്നില്‍ അത്തരമൊരു മാറ്റം വന്നിട്ടുണ്ടെങ്കില്‍, അത് നല്ല മാറ്റമാണെങ്കില്‍ അത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി മാത്രമാണ്. ഞാന്‍ മുന്‍പുള്ളതിനേക്കാള്‍ അവരെ കേള്‍ക്കാന്‍ തുടങ്ങി, മനസിലാക്കാന്‍ തുടങ്ങി. അതിന് കാരണക്കാര്‍ ഇവിടുത്തെ ജനങ്ങളും മാധ്യമങ്ങളുമാണ്- രാഹുല്‍ പറഞ്ഞു.

മുന്നൂറിലധികം സീറ്റുകിട്ടുമെന്നാണല്ലോ ബി.ജെ.പി പറയുന്നത്, നിങ്ങള്‍ പ്രതീക്ഷിക്കുന്നത് എത്രയാണ് എന്ന ചോദ്യത്തിന്, മുന്നൂറില്‍ അധികമോ? നിങ്ങള്‍ ബൂത്തിന്റെ കാര്യമാണോ ഉദ്ദേശിച്ചത് എന്ന് ചോദിച്ച് ചിരിക്കുകയായിരുന്നു രാഹുല്‍.
‘എനിക്ക് അത്തരം ലക്ഷ്യങ്ങളാന്നും വെക്കാനില്ല. ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം പ്രകടിപ്പിക്കുകയാണ് എന്റെ ലക്ഷ്യം, അവരെ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയാണ് എന്റെ ലക്ഷ്യം. അവര്‍ക്ക് എന്താണ് വേണ്ടത് എന്ന് മനസിലാക്കുകയും അവര്‍ക്കാവശ്യമുള്ള സഹായങ്ങള്‍ നല്‍കുകയുമാണ് എന്റെ ലക്ഷ്യം. 23ന് ഇന്ത്യന്‍ ജനത നല്‍കുന്ന ജനവിധിയെയാണ് ഞാന്‍ ആശ്രയിക്കുന്നത്. അതിനെയാണ് ഞാന്‍ ബഹുമാനിക്കുന്നത്’- രാഹുല്‍ പറഞ്ഞു.
സജീവ രാഷ്ട്രീയത്തിലിറങ്ങണമെന്നും പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്നും സഹോദരി പ്രിയങ്കാ ഗാന്ധിയോട് താന്‍ വളരെ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുട്ടികളെ പരിചരിക്കേണ്ട കാര്യം പറഞ്ഞ് അവര്‍ മാറി നില്‍ക്കുകയായിരുന്നു. കുട്ടികള്‍ വീട്ടിലുള്ളപ്പോള്‍ അവരുടെ സ്‌കൂള്‍ പഠനകാലത്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്ന അവരുടെ തീരുമാനത്തെ താന്‍ അംഗീകരിക്കുകയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.

പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് തങ്ങള്‍ക്ക് എപ്പോഴും അത്തരത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമുണ്ടാവാറില്ലെന്നായിരുന്നു മറുപടി. തങ്ങള്‍ പരസ്പരം നന്നായി അറിയുന്നവരും സ്‌നേഹിക്കുന്നവരുമാണ്. പലകാര്യങ്ങളിലും തങ്ങള്‍ക്ക് ഒരേ മനസ്സാണെന്നും രാഹുല്‍ പറഞ്ഞു.

rahul gandhiSonia Gandhi
Comments (0)
Add Comment