‘തിരുമേനിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും തുടര്‍ന്നും പ്രചോദനം പകരും’ ; അനുശോചിച്ച് സോണിയ ഗാന്ധി

ന്യൂഡല്‍ഹി : മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ വിയോഗത്തില്‍ കോണ്‍ഗ്രസ്  അധ്യക്ഷ സോണിയ ഗാന്ധി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ജ്ഞാനവും ദീനാനുകമ്പയും ആത്മീയ കാഴ്ച്ചപ്പാടുകളുമുള്ള അദ്ദേഹം സമൂഹത്തിലെ ദരിദ്രരും ദുര്‍ബലരുമായ വിഭാഗങ്ങളുടെ ക്ഷേമത്തിനും സന്തോഷത്തിനും അശ്രാന്തമായി പ്രവര്‍ത്തിച്ചു. സാമൂഹ്യനീതിക്കും സ്തീ ശാക്തീകരണത്തിനുമായി പോരാടി. അദ്ദേഹത്തിനു കീഴില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭ നിസ്വാര്‍ത്ഥ സേവനത്തിന്‍റെ പര്യായമായി മാറി. കേരളത്തിനും ഇന്ത്യക്ക് തന്നെയും മാതൃകയാക്കാവുന്ന മതേതര ജനാധിപത്യ മൂല്യങ്ങള്‍ വളര്‍ത്തിയെടുത്തു.

അദ്ദേഹത്തിന്‍റെ അകാലവിയോഗം നികത്താനാകാത്ത വിടവാണ് സൃഷ്ടിക്കുന്നത്. പക്ഷേ അദ്ദേഹം സൃഷ്ടിച്ച സമ്പന്നമായ പാരമ്പര്യവും അനുകരണീയമായ മാതൃകകളും മലങ്കര സഭയും വിശ്വാസികളും മുന്നോട്ട് കൊണ്ടു പോകുമെന്ന് പ്രത്യാശിക്കുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന്‍റെ  നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. തിരുമേനിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ആദര്‍ശങ്ങളും നമുക്ക് തുടര്‍ന്നും പ്രചോദനം പകരും. ഇന്ത്യയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും എന്നും ആദ്ദേഹത്തിന്‍റെ ഓര്‍മകള്‍ക്കു മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കും.

Comments (0)
Add Comment