അടിമാലിയിൽ കാറിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ തേടി മകൻ എത്തി

അടിമാലിയിൽ കാറിൽ കണ്ടെത്തിയ വീട്ടമ്മയെ തേടി മകൻ എത്തി. മകൻ മഞ്ജിത്ത് അടിമാലി പോലിസ് സ്റ്റേഷനിൽ ഹാജരായി. മാധ്യമ വാർത്തകൾ കണ്ടാണ് മകൻ അമ്മയെ തേടി എത്തിയത്. രണ്ട് ദിവസം കാറിനുള്ളിൽ കിടന്നു അവശനിലയിലായ ലൈല മണിയെ ആരോഗ്യം വീണ്ടെടുത്താൽ മകനൊപ്പം അയക്കും. ഇതിനു മുൻപും ലൈലയെ സമാന രീതിയിൽ ഉപേക്ഷിക്കാൻ ശ്രമം നടന്നിരുന്നു.

തിരുവനന്തപുരം സ്വദേശിയായ ലൈല മണിയുടെ ഭർത്താവ് ഇരുപത് വർഷങ്ങൾക്ക് മുൻപ് മരിച്ചു. 2014 മുതൽ വയനാട് സ്വദേശിയായ മാത്യുവുമൊപ്പമായിരുന്നു ജീവിതം. ഇതിനിടെ രോഗിയായ ലൈല മണിയെ ആദ്യം ഭർത്താവിലെ മകളുടെ തിരുവനന്തപുരത്തുള്ള വീടിനു സമീപം മാത്യു ഉപേക്ഷിച്ചു. പൊലീസും മക്കളും ചേർന്നാണ് ഇവരെ വീണ്ടും ഒരുമിപ്പിച്ചത്. ലൈലയുടെ ആദ്യ ഭർത്താവിലെ കട്ടപ്പനയിലുള്ള മകന്‍റെ അടുക്കലേക്കു പോകും വഴിയാണ് രണ്ട് ദിവസം മുൻപ് അടിമാലിയിൽ കാറിനുള്ളിൽ ലൈലയെ ഉപേക്ഷിച്ചു മാത്യു കടന്നു കളഞ്ഞത്. ലൈല ഒന്നര ദിവസം അടഞ്ഞുകിടന്ന കാറിനുള്ളിൽ അവശയായി കഴിഞ്ഞു. ഓട്ടോ ഡ്രൈവർമാർ സംശയം തോന്നി പൊലീസിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മാത്യുവിന് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്.

മക്കൾക്ക് പരാതിയുണ്ടെങ്കിൽ രണ്ടാം ഭർത്താവ് മാത്യുവിന് എതിരെ കേസെടുക്കും. ലൈലയുടെ ആരോഗ്യനില തൃപ്തികരമാകുമ്പോൾ മകനൊപ്പം അയക്കാൻ ആണ് പൊലീസ് തീരുമാനം.

Abandoned Lady
Comments (0)
Add Comment