ബിജെപിയില്‍ പോര് മുറുകുന്നു ; സംസ്ഥാന നേതൃത്വത്തിനെതിരെ ഭിന്നത രൂക്ഷം

Jaihind News Bureau
Sunday, November 8, 2020

 

തിരുവനന്തപുരം: സംസ്ഥാനം തദ്ദേശ തെരെഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കലെത്തിനിൽക്കെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ പാർട്ടിയിൽ ഭിന്നത രൂക്ഷമാവുന്നു. മത്സരയോഗ്യതയുണ്ടായിട്ടും അവഗണിക്കപ്പെടുന്നവരെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടു വരാനാണ് ശോഭ സുരേന്ദ്രന്‍റെ നേതൃത്വത്തിലുള്ള വിമത പക്ഷം ശ്രമിക്കുന്നത്.

മുരളീധരപക്ഷത്തെ കെ. സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായ ശേഷമാണ് സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ അവഗണിക്കുന്നുവെന്ന് കാട്ടി ശോഭ സുരേന്ദ്രൻ അടക്കമുള്ള സംസ്ഥാന നേതാക്കൾ വിമത നീക്കം ശക്തിപ്പെടുത്തുന്നത്. തദ്ദേശ തെരെഞ്ഞെടുപ്പിൽ പാർട്ടിയിൽ അവഗണിക്കുന്നവരെ കൂടെ നിർത്തി വിമത നീക്കത്തിന് മൂർച്ച കൂട്ടാനാണ് നേതാക്കളുടെ ശ്രമം. ശോഭ സുരേന്ദ്രനൊപ്പം പി.എം വേലായുധൻ, കെ.പി ശ്രീശൻ എന്നിവരും നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്ന് കഴിഞ്ഞു.

ഇതിനിടയിൽ പാലക്കാട് കേന്ദ്രീകരിച്ച് വിമതപക്ഷം യോഗം ചേർന്ന് ചില നിർണ്ണായക തീരുമാനങ്ങൾ എടുത്തതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്. ആർ.എസ്.എസിന് ഏറ്റവും അടുപ്പമുള്ള നേതാവായ കുമ്മനം രാജശേഖരനെതിരായി നിലവിൽ ഉയർന്നു വന്ന സാമ്പത്തിക തട്ടിപ്പ് കേസിനു പിന്നിലും സംസ്ഥാനത്തെ ഉന്നത നേതാക്കളുടെ പങ്കുണ്ടെന്നും പാർട്ടിയിലെ ഒരു വിഭാഗം പറയുന്നു.

ലോക്സഭാ തെരെഞ്ഞെടുപ്പിൽ വലിയ തോതിൽ പണമൊഴുക്കി പ്രചാരണം നടത്തിയിട്ടും ബി.ജെ.പിക്ക് സംസ്ഥാനത്ത് സീറ്റ് ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് പുനഃസംഘടനയിലൂടെ കെ.സുരേന്ദ്രനെ അധ്യക്ഷനാക്കിയത്. എന്നാൽ തങ്ങൾക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന് കാട്ടി കൃഷ്ണദാസ് പക്ഷവും ദേശീയ നേതൃത്വത്തിൽ നിന്ന് തരം താഴ്ത്തി തന്നെ സംസ്ഥാനത്ത് ഒതുക്കിയെന്ന പരാതി ഉന്നയിച്ച് ശോഭ സുരേന്ദ്രനും അന്ന് തന്നെ രംഗത്ത് വന്നെങ്കിലും പരാതികൾ കേന്ദ്ര നേതൃത്വം പരിഗണിച്ചിരുന്നില്ല. തുടർന്ന് പാർട്ടിയിലേക്കെത്തിയ അബ്ദുള്ളക്കുട്ടിക്ക് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനവും നൽകിയതോടെയാണ് ശോഭ സുരേന്ദ്രൻ അടക്കമുള്ളവർ പരസ്യമായി രംഗത്തിറങ്ങിയിട്ടുള്ളത്.