കണ്ണൂരില്‍ ചക്കരയ്ക്കലില്‍ പേപ്പട്ടിയാക്രമണം: നാല്പതിലേറെപേര്‍ക്ക് കടിയേറ്റു

Jaihind News Bureau
Thursday, March 20, 2025

കണ്ണൂര്‍ ചക്കരക്കല്‍ മേഖലയില്‍ നിരവധി പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. കോയ്യോട്, പൊക്കന്‍മാവ്, പാനേരിച്ചാല്‍, ഇരിവേരി, കണയന്നൂര്‍, ആര്‍വി മെട്ട, മിടാവിലോട്, കാവിന്‍മൂല, ഉച്ചുളിക്കുന്ന് മെട്ട, മുഴപ്പാല പ്രദേശത്തുള്ള നാല്പതോളം പേര്‍ക്കാണ് കടിയേറ്റത്. ഏതാനും പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മനോരമ മുതുകുറ്റി ലേഖകന്‍ രാമചന്ദ്രന് മൂക്കിനാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രന്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.. രാവിലെ 6.30 നാണ് കോയ്യോട് പൊക്കന്‍മാവില്‍ വച്ച് പേപ്പട്ടി ഒരു കുട്ടിയെ കടിച്ചിരുന്നു. ഇവിടെ നിന്ന് തുടങ്ങി 8 കിലോമീറ്റര്‍ പിന്നിട്ടാണ് മുഴപ്പാലയിലുള്ളവരെ കടിച്ചത്. ഈ പ്രദേശത്തിനിടയിലുള്ളവരാണ് കടിയേറ്റ എല്ലാവരും. കടിയേറ്റവര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്