ന്യൂയോർക്കിനെ വിഴുങ്ങി പുകമഞ്ഞ്: N 95 മാസ്ക് ധരിക്കാന്‍ നിർദേശിച്ച് അധികൃതർ; ദുരന്ത പ്രതീതി

Jaihind Webdesk
Thursday, June 8, 2023

 

ദുരന്ത പ്രതീതിയുണർത്തി ന്യൂയോർക്ക് നഗരത്തെ വിഴുങ്ങി പുകമഞ്ഞ്. കാനഡയിൽ പടരുന്ന കാട്ടുതീയുടെ പശ്ചാത്തലത്തില്‍ വടക്കേ അമേരിക്കയിലെ ജനങ്ങളോട് N 95 മാസ്ക് ധരിക്കാൻ നിർദേശം നൽകി അധികൃതർ. 1960 ശേഷമുള്ള ഏറ്റവും മോശം വായു നിലവാരമാണ് ന്യൂയോർക്കില്‍ നിലവിലുള്ളത്. വരും ദിവസങ്ങളില്‍ പുക കൂടുതല്‍ രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍.

നൂറ്റമ്പതിലേറെ പ്രദേശങ്ങളില്‍ കാട്ടുതീ റിപ്പോർട്ട് ചെയ്യുന്ന ക്യൂബെക്കിൽ നിന്ന് 15,000 ത്തോളം കുടുംബങ്ങളെ ഇതിനോടകം മാറ്റിപ്പാർപ്പിച്ചുകഴിഞ്ഞു.  ജനങ്ങൾ കഴിവതും വീടിനുള്ളിൽ തന്നെ തുടരണമെന്നും പുറത്തിറങ്ങരുതെന്നും ന്യൂയോർക് സിറ്റി മേയർ നിർദേശം നൽകി. വായു നിലവാരം മോശമായതിനെ തീർത്തും മോശമായതോടെയാണ്  ജനങ്ങളോട്  മാസ്ക് ധരിക്കാൻ അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. ന്യൂയോർക്കിൽ ഇന്നു മുതൽ സൗജന്യമായി മാസ്ക് വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു. പുകപടലം മൂടി അന്തരീക്ഷമാകെ മഞ്ഞ നിറത്തിലായതോടെ ദുരന്ത പ്രതീതിയാണ് ന്യൂയോർക്കില്‍.

കാട്ടുതീയെ തുടർന്ന് കാനഡയിൽ മാത്രം ഇരുപതിനായിരത്തോളം ആളുകളെ മാറ്റിപാർപ്പിക്കുകയും 3.8 മില്യൻ ഹെക്ടർ ഭൂമി കത്തി നശിക്കുകയും ചെയ്തു. പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് കാനഡയും നിർദേശിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ കാരണം നിരവധി വിമാനങ്ങൾ വൈകുകയും കായിക ഇനങ്ങൾ മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്.