ആലപ്പുഴ കല്ലുപാലത്തിനു സമീപമുള്ള പൊളിച്ചുനീക്കിയ കെട്ടിടത്തിനുള്ളിൽ പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയില്‍ മനുഷ്യൻ്റ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തി. ഇന്നു രാവിലെ പത്തു മണിയോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ച കെട്ടിട അവശിഷ്ടങ്ങൾ നീക്കുന്നതിനിടെയാണ് അസ്ഥികൂടത്തിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയത്.പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു അസ്ഥികൂട അവശിഷ്ടങ്ങൾ.ഇതോടെ ജോലിക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
നേരത്തെ ഒരു ഡോക്ടർ ഇവിടെ താമസിച്ചിരുന്നതായി പരിസരവാസികൾ പറഞ്ഞു. പൊലീസ് നടത്തിയ പരിശോധനയിൽ അസ്ഥികൂട അവശിഷ്ടങ്ങളിൽ സ്കെച്ച് പേന കൊണ്ട് അടയാളപ്പെടുത്തിയതായി കണ്ടെത്തി. ഡോക്ടർ മെഡിക്കൽ പഠനാവശ്യത്തിന് സൂക്ഷിച്ചതാണോ എന്നതും പരിശോധിക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് സ്ഥലം സന്ദർശിച്ചു. അസ്ഥികൂടങ്ങളുടെ കാലപ്പഴക്കം മനസിലാക്കുന്നതിനായി ഫൊറൻസിക് പരിശോധന നടത്തും.