ഉത്തർപ്രദേശില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

Jaihind Webdesk
Sunday, February 6, 2022

 

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ എയ്ട്ടയില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെയാണ് വെള്ളിയാഴ്ച രാത്രിയോടെ ആളൊഴിഞ്ഞ പ്രദേശത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും ഡോക്ടർമാര്‍ സ്ഥിരീകരിച്ചു.

അവാഗഢിലെ ഒരു സ്വകാര്യ ആശുപത്രിക്ക് പിന്നിലെ ആളൊഴിഞ്ഞ പറമ്പിലാണ് പെണ്‍കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം മുറിവേറ്റിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായി. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. പിന്നീട് നടത്തിയ തെരച്ചിലിലാണ് വെള്ളിയാഴ്ച രാത്രിയോടെ കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്.

പ്രദേശത്തെ വസ്ത്രവ്യാപാരിയുടെ മകളാണ് ക്രൂരമായി കൊല്ലപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച നാട്ടുകാർ ആഗ്ര-എയ്ട്ട റോഡ് ഉപരോധിച്ചു. സംഭവത്തില്‍ കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതായി പോലീസ് അറിയിച്ചു. അന്വേഷണത്തിനായി രണ്ടുദിവസം കൂടി നല്‍കണമെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ്  അറിയിച്ചു.  പോലീസുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് 45 മിനിറ്റോളം നീണ്ട ഉപരോധം നാട്ടുകാർ അവസാനിപ്പിച്ചത്.