എം.ശിവശങ്കര്‍ യുഎപിഎ കേസിൽ പ്രതിയായേക്കും ; എൻഐഎയുടെ നിര്‍ണായക തീരുമാനം ഉടന്‍

Jaihind News Bureau
Friday, September 25, 2020

 

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കര്‍ യുഎപിഎ കേസിൽ പ്രതിയാകും.  9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ശിവശങ്കറിനെ പ്രതിചേർക്കാൻ എൻഐഎ നീക്കം. നിര്‍ണ്ണായക തീരുമാനം ഉടന്‍ ഉണ്ടാകും. 3000 ജി.ബി ഡാറ്റ സ്വപ്ന, സന്ദീപ് എന്നിവരുടെ മൊബെെൽ, ലാപ്ടോപ് എന്നിവയിൽ നിന്നും  വീണ്ടെടുത്തതോടെയാണ് ശിവശങ്കറിനെ സാക്ഷിപ്പട്ടികയില്‍ നിന്നും പ്രതിപ്പട്ടികയിലേക്ക് മാറ്റാനുള്ള എന്‍ഐഎയുടെ തീരുമാനം. ഇതിലെ വിവരങ്ങളും ടെലഗ്രാം ചാറ്റിന്‍റെ വിശദാംശങ്ങളും കണ്ടെടുത്തതോടെ ശിവശങ്കര്‍ മുമ്പ് നല്‍കിയ മൊഴിയും ലഭിച്ച വിവരങ്ങളും പൊരുത്തപ്പെടുന്നില്ലെന്നും എന്‍ഐഎയ്ക്ക് ബോധ്യമായി.

രാത്രി 8 മണി വരെ നീണ്ട 9 മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിനൊടുവിൽ ശിവശങ്കറിനെ പ്രതിയാക്കാൻ എഐഎ തീരുമാനിച്ചു എന്നാണ് സൂചന. തെളിവുകള്‍ എതിരായിട്ടും അറസ്റ്റ് ഉണ്ടായില്ലെങ്കിലും ശിവശങ്കര്‍ പ്രതിപ്പട്ടികയില്‍ സ്ഥാനം പിടിക്കുന്നത് സ്വര്‍ണ്ണക്കടത്ത് കേസിന്‍റെ ജാതകം തന്നെ തിരുത്തിക്കുറിക്കും. പ്രതിപ്പട്ടികയില്‍ വന്നാല്‍ എന്‍ഐഎയ്ക്ക് എപ്പോള്‍ വേണമെങ്കിലും ശിവശങ്കരറിന്‍റെ അറസ്റ്റ് രേഖപ്പെടുത്താനാകും.