സിസ്റ്റർ സൂസൻ മാത്യുവിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും

Jaihind Webdesk
Tuesday, September 11, 2018

പത്തനാപുരത്ത് കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തിയ കന്യാസ്ത്രീയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പത്തനാപുരം മൗണ്ട് താബോർ ദയറാ പള്ളി സെമിത്തേരിയിലാണ് സംസ്കാരം നടക്കുക. അതേ സമയം ഇവരുടേത് മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഇന്ന് രാവിലെ 10 മണിയോടെ പത്തനാപുരം മൗണ്ട് താബോർ ദയറാ പള്ളി സെമിത്തേരിയിലാണ് സിസ്റ്റർ സൂസൻ മാത്യുവിന്‍റെ സംസ്കാരം നടക്കുക. കഴിഞ്ഞ ദിവസം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകിയിരുന്നു. മുങ്ങി മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കൈത്തണ്ടയിലെ മുറി വല്ലാതെ മറ്റ് പരിക്കുകളൊന്നും ശരീരത്തിലില്ല. പാറ്റയെ കൊല്ലാനുപയോഗിക്കുന്ന നാഫ്ത്തലിൻ ഗുളികകളും ഉള്ളിൽ ചെന്നതായ് കണ്ടെത്തി.

കടുത്ത മാനസിക സമ്മർദ്ദമനുഭവിച്ചിരുന്ന സിസ്റ്റർ ആത്മഹത്യ ചെയ്തത് തന്നെയാകാമെന്നാണ് മഠം അധികൃതരും ബന്ധുക്കളും അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന മൊഴി. അതേ സമയം, സിസ്റ്ററുടെ മൃതദേഹം കണ്ടെത്തിയ കിണറിന് സമീപം മുറിച്ച മുടി കണ്ടെത്തിയത് അടക്കം ദുരൂഹതകൾക്ക് വഴിവെയ്ക്കുന്നുണ്ട്. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധന ഫലവും പുറത്ത് വന്ന ശേഷമാകും മരണത്തിന്‍റെ കൂടുതൽ ദുരൂഹതകൾ നീങ്ങുക.