തിരുവനന്തപുരം : സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് രണ്ടാം പിണറായി സര്‍ക്കാരില്‍ ആദ്യ ടേം നഷ്ടമായ പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ്കുമാറിനെ കൂടുതല്‍ വെട്ടിലാക്കി സഹോദരി രംഗത്ത്. വില്‍പ്പത്രത്തില്‍ ക്രമക്കേട് സംശയിക്കുന്നതായും അഞ്ച് സെന്‍റ് സ്ഥലം പോലും തനിക്ക് ലഭിച്ചില്ലെന്നും കൃത്രിമത്വത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഉഷ വെളിപ്പെടുത്തി.
സാക്ഷി എന്നു പറയുന്ന പ്രഭാകരന്‍പിള്ള പറയുന്ന കാര്യങ്ങളെല്ലാം കള്ളമാണെന്ന് ഉഷ പറയുന്നു. അമ്മയുടെ വില്‍പത്രത്തില്‍ ഷെയറായി ലഭിച്ച വസ്തുവിനെയാണ് അച്ഛന്‍ നല്‍കിയതായി തെറ്റായി കാണിച്ചിരിക്കുന്നത്. പിതാവ് വില്‍പത്രം തയാറാക്കിയെന്നു പറയുന്ന തീയതിപോലും കള്ളമാണ്. അച്ഛന്‍റെ സഹായി ആയിരുന്ന പ്രഭാകരന്‍പിള്ള ഇപ്പോള്‍ ഗണേഷിന്‍റെ വിശ്വസ്തനാണ്.
പ്രഭാകരന്‍പിള്ളയുടെ നേതൃത്വത്തിലാണ് ആദ്യ വില്‍പത്രം തയാറാക്കിയത്. ബാലകൃഷ്ണപിള്ളയെ സമ്മര്‍ദത്തിലാക്കി ഗണേഷ് ഇത് റദ്ദാക്കിയെന്നും രണ്ടാമത് മറ്റൊരു വില്‍പത്രം തയാറാക്കുകയുമായിരുന്നുവെന്നും ഉഷ ആരോപിക്കുന്നു. എന്നാലിത് രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് മാത്രമല്ല, അച്ഛന്‍റെ പൂര്‍ണ അറിവോടെയാണ് ഇതെന്ന് വിശ്വസിക്കുന്നില്ലെന്നും ഉഷ പറയുന്നു. മൂന്ന് മക്കളില്‍ ഒരാളെ മാത്രം അച്ഛന്‍ ഒഴിവാക്കില്ല. പ്രഭാകരന്‍പിള്ളയുടെ സഹായത്തോടെ ഗണേഷ് നിര്‍മിച്ച വില്‍പത്രമാണിതെന്ന് വ്യക്തമാണെന്നും ഉഷ പറയുന്നു.
വിഷയം ഉഷയും ഭര്‍ത്താവും മുഖ്യമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചിരുന്നു. ഇതോടെയാണ് ഗണേഷിന്‍റെ ആദ്യം ടേം തെറിച്ചത്. കുടുംബപ്രശ്നം പരിഹരിക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചതെന്നാണ് വിവരം. എന്നാല്‍ ഗണേഷിന്‍റെ രണ്ടാം ടേമിലെ മന്ത്രിസ്ഥാനത്തിന് വരെ തിരിച്ചടിയാകുന്നതാണ് ഉയരുന്ന വിവാദം.