ചൈനീസ് വാക്സിന്‍ സിനോവാക്കിന് ഫലപ്രാപ്തി കുറവ് : കുത്തിവയ്പ്പിന് ആറുമാസത്തിനപ്പുറം പ്രതിരോധ ശേഷി കുറയുന്നു : പഠന റിപ്പോർട്ട്

Jaihind Webdesk
Wednesday, July 28, 2021

ബീജിംഗ് : കൊവിഡിനെ പ്രതിരോധിക്കാന്‍ ചൈനീസ്  വാക്സിനായ സിനോവാകിന് ആറുമാസത്തെ സംരക്ഷണം പോലും നൽകാനാവില്ലെന്ന് പഠന റിപ്പോർട്ട്. സിനോവാക് ബയോടെക്കിന്റെ കൊവിഡ് വാക്സിൻ നിരവധി രാജ്യങ്ങളാണ് ഉപയോഗിക്കുന്നത്. രണ്ടാമത്തെ ഡോസ് എടുത്തവരുടെ ശശീരത്തിൽ നിർമ്മിതമായ ആന്‍റിബോഡികൾ ആറുമാസത്തെ പരിശോധനയിൽ ആവശ്യമുള്ള പരിധിയിലും താഴെയായി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇനി ബൂസ്റ്റർ ഡോസ് കൊണ്ടു മാത്രമേ ഫലം ഉണ്ടാവുകയുള്ളു എന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. സിനോവാക്കിന്റെ മൂന്നാമത്തെ ഡോസ് എടുത്തവരിൽ ഏകദേശം 28 ദിവസത്തിനുശേഷം ആന്റിബോഡി അളവിൽ 35 മടങ്ങ് വർദ്ധനവ് കണ്ടെത്തിയിട്ടുമുണ്ട്.

18 നും 59 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള മുതിർന്നവരിൽ നിന്നുള്ള രക്തസാമ്പിളുകളിൽ നടത്തിയ പഠനത്തിലാണ് ചൈനീസ് വാക്സിന്റെ ഫലപ്രാപ്തിയെ കുറിച്ച് പറയുന്നത്. എന്നാൽ കൊവിഡിനെ തടയുന്നതിനായി ഒരാളുടെ ശരീരത്തിൽ എത്രത്തോളം ആന്റിബോഡി വേണം എന്നതിനെ കുറിച്ച് കൃത്യമായി ശാസ്ത്രജ്ഞർ ഇതുവരെ കണ്ടെത്തിയിട്ടില്ല.

ജൂൺ അവസാനത്തോടെ ചൈന, ബ്രസീൽ, ഇന്തോനേഷ്യ, ചിലി എന്നീ രാജ്യങ്ങളിൽ സിനോവാക് ഒരു ബില്യൺ ഡോസാണ് വിതരണം ചെയ്തിട്ടുള്ളത്. ചൈനീസ് വാക്സിൻ നിർമ്മാതാക്കൾക്ക് പിന്നാലെ മറ്റ് വാക്സിൻ നിർമ്മാതാക്കളും ബൂസ്റ്റർ ഷോട്ടുകൾക്ക് അംഗീകാരം നേടുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഫൈസർ അടക്കമുള്ള വാക്സിനുകൾ ബൂസ്റ്റർ ഡോസ് വഴി വാക്സിൻ എടുത്ത് ഒരു നിശ്ചിത കാലത്തിന് ശേഷവും അണുബാധയുണ്ടാകാനുള്ള സാദ്ധ്യത ഇല്ലാതാക്കാനാവും.