സില്‍വര്‍ലൈന്‍: സാമൂഹിക ആഘാത പഠനത്തിന്‍റെ ഭാഗമായുള്ള ഫീൽഡ് സർവേയ്ക്ക് തുടക്കമായി

Jaihind Webdesk
Saturday, January 22, 2022

 

കണ്ണൂര്‍ : സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്‍റെ ഭാഗമായുള്ള ഫീൽഡ് സർവേ ആരംഭിച്ചു. കണ്ണൂർ പയ്യന്നൂർ നഗര സഭയിൽ ഉൾപ്പെടുന്ന കണ്ടങ്കാളിയിലാണ് സർവേയ്ക്ക് തുടക്കമിട്ടത്. എഴുതി തയാറാക്കിയ പ്രത്യേക ചോദ്യവലിയുമായി വീടുകളിൽ നേരിട്ടെത്തിയാണ് സർവേ.

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച പാക്കേജുകളുടെ രേഖകളും കുടുംബങ്ങളിൽ വിതരണം ചെയ്യും. ഭൂമി ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനായാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മുതൽ ചിറയ്ക്കൽ വരെയുള്ള 11 വില്ലേജുകളിലാണ് ആദ്യഘട്ട പഠനം.