സിദ്ധാർത്ഥന്‍റെ മരണം; സിബിഐ എഫ്ഐആർ സമർപ്പിച്ചു, കേസിൽ 20ലേറെ പ്രതികൾ

Jaihind Webdesk
Monday, April 8, 2024

 

വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണത്തിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. കൽപ്പറ്റ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചത്. കേസിൽ 20ലേറെ പ്രതികൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് എഫ്ഐആറിലെ പരാമർശം. മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ സിറ്റിംഗ് നാളെ പൂക്കോട് ക്യാമ്പസിൽ തുടങ്ങും.

ഇന്ന് ഉച്ചയോടെയാണ് സിബിഐ ഉദ്യോഗസ്ഥർ കൽപ്പറ്റ കോടതിയിൽ എത്തി എഫ്ഐആർ സമർപ്പിച്ചത്. കേസിൽ പോലീസ് അറസ്റ്റ് ചെയ്ത 20 പ്രതികൾക്ക് പുറമെ കൂടുതൽ പ്രതികൾ ഉണ്ടാകാനുള്ള സാധ്യത എഫ്ഐആറിൽ പരാമർശിക്കുന്നുണ്ട്. നാളെ മുതൽ കൽപ്പറ്റ ക്യാമ്പ് ഓഫീസിൽ മൊഴിയെടുക്കൽ തുടങ്ങും. സിദ്ധാർത്ഥന്‍റെ പിതാവ് ഉൾപ്പെടെയുള്ള ബന്ധുക്കളോട് മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതികളുടെ കസ്റ്റഡി അപേക്ഷ അടക്കം പിന്നീട് നൽകും.

ഇന്നലെ ഹോസ്റ്റൽ അടക്കം പരിശോധിച്ചിരുന്നു. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷന്‍റെ സിറ്റിംഗ് നാളെ മുതൽ തുടങ്ങും. പൂക്കോട് ക്യാമ്പസിൽ 4 ദിവസം ക്യാമ്പ് ചെയ്താണ് സിദ്ധാർത്ഥന്‍റെ കേസില്‍ അന്വേഷണം ഉണ്ടാവുക . അധ്യാപകർ, അനധ്യാപകർ, ജീവനക്കാർ , വിദ്യാർത്ഥികൾ തുടങ്ങിയവരിൽ നിന്ന് സംഘം മൊഴി രേഖപ്പെടുത്തും.