ന്യൂഡല്‍ഹി : കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിടുന്ന കാര്യത്തിൽ മറുപടി നൽകാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. അന്വേഷണം സി.ബി.ഐ ക്ക് വിടണമെന്ന മാതാപിതാക്കളുടെ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ നടപടി. മൂന്ന് ആഴ്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.
ഷുഹൈബ് വധക്കേസിൽ ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മാതാപിതാക്കളുടെ ആവശ്യവും കോടതി ഇന്ന് പരിഗണിച്ചു. ഇതിലും തീരുമാനം സംസ്ഥാന സർക്കാരിന്‍റെ മറുപടി കേട്ട ശേഷമായിക്കും എന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ വ്യക്തമാക്കി. പ്രതികളിൽ ഒരാൾ വിദേശത്തേക്ക് പോകാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് കേസിന്‍റെ വിചാരണ ആറുമാസം കൊണ്ട് പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്.