സിംഘുവിലെ കര്‍ഷക പ്രക്ഷോഭ വേദിക്ക് സമീപം വെടിവെപ്പ് ; ആളപായമില്ല

Jaihind News Bureau
Monday, March 8, 2021

 

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം നടക്കുന്ന വേദിക്ക് സമീപം വെടിവെപ്പ്. പ്രക്ഷോഭം നടക്കുന്ന സിംഘുവിലെ വേദിക്ക് സമീപമാണ് വെടിവെപ്പുണ്ടായത്. മൂന്ന് തവണ വെടിവെപ്പുണ്ടായതായി കര്‍ഷകര്‍ പറയുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. ആകാശത്തേക്കാണ് വെടിവെപ്പ് നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ചണ്ഡീഗഡ് രജിസ്‌ട്രേഷന്‍ വാഹനത്തിലെത്തിയവരാണ് വെടിയുതിർത്തത്. ഇവര്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്നത് അന്വേഷിക്കുന്നുണ്ട്.  സംഭവ സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം എത്തി പരിശോധന നടത്തി.

അതേസമയം, വനിതാ ദിനമായ ഇന്ന് ഡല്‍ഹിയിലെ കര്‍ഷക സമരത്തിന്‍റെ നേതൃത്വം ഇന്ന് പൂര്‍ണമായും സ്ത്രീകള്‍ ഏറ്റെടുക്കും. സിംഘു, തിക്രി, ഗാസിപൂര്‍ സമരഭൂമികളിലെ സ്റ്റേജുകളില്‍ ഇന്ന് സ്ത്രീകള്‍ മാത്രമായിരിക്കും ഉണ്ടാവുക. കര്‍ഷക സമരത്തില്‍ പങ്കെടുത്തതിന്‍റെ അനുഭവങ്ങള്‍ സ്ത്രീകള്‍ പങ്കുവെക്കും. നൂറുകണക്കിന് വിദ്യാര്‍ത്ഥിനികളും വനിതാ ആക്ടിവിസ്റ്റുകളും ഇന്ന് സമരത്തില്‍ പങ്കെടുക്കും. അതിര്‍ത്തികളില്‍ നടക്കുന്ന സമരം 102-ാം ദിവസത്തിലേക്ക് കടന്നു.