ട്രാൻസ്ജൻഡർ വിഭാഗക്കാർക്ക് വേണ്ടി സർക്കാർ നടപ്പാക്കിയ ഷോർട് സ്റ്റേ പദ്ധതിയിൽ അട്ടിമറി നടക്കുന്നതായി ആരോപണം. കോഴിക്കോട് ജില്ലാ സാമൂഹ്യനീതി ഓഫീസർ ഒത്തുകളിച്ചു ട്രാൻസ് ജൻഡേഴ്സിനെ കബളിപ്പിക്കുന്നതായി പരാതിപ്പെട്ട് പുനർജനി അംഗങ്ങൾ രംഗത്തെത്തി.
പദ്ധതിയിൽ വലിയ അട്ടിമറി നടക്കുന്നതായാണ് ട്രാൻസ് വുമൺ കൂട്ടായ്മയായ പുനർജനി അംഗങ്ങളുടെ പരാതി. കോഴിക്കോട് ജില്ലയിൽ ട്രാൻസ് വുമണ്‍ ഷോർട് സ്റ്റേ പദ്ധതി നടപ്പാക്കുന്നതിന് ആദ്യ ഗഡുവായി 5,83,000 രൂപ സർക്കാർ നൽകി. എന്നാൽ നഗര പ്രദേശത്തുള്ള നിരവധി വീടുകളുടെ വിവരങ്ങൾ പുനർജനി നൽകിയെങ്കിലും അതൊന്നും സ്വീകരിക്കാതെ നഗരത്തിൽനിന്നും വളരെ അകലെ യാതൊരു സൗകര്യങ്ങളുമില്ലാത്ത കെട്ടിടത്തിൽ ഷോർട് സ്റ്റേ അനുവദിച്ചത് അംഗീകരിക്കാനാവില്ലെന്ന് അവർ പറയുന്നു.
സർജറി കഴിഞ്ഞെത്തുന്ന ട്രാൻസ് ജൻഡേർസ് ഉൾപ്പെടെ ഉള്ളവർ താമസിക്കുന്ന ഷോർട് സ്റ്റേ യാതൊരു സൗകര്യങ്ങളുമില്ലാത്ത കെട്ടിടത്തിൽ അനുവദിച്ചത് ഇവരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. പ്രശ്ന പരിഹാരമായില്ലെങ്കിൽ ശക്തമായ സമരത്തിന് തയ്യാറാകുമെന്നും പുനർജനി കൾചറൽ സൊസൈറ്റി അംഗങ്ങൾ വ്യക്തമാക്കി.