അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനത്തിന് ഇന്ത്യന്‍ തിരിച്ചടി

Jaihind Webdesk
Wednesday, February 27, 2019

കാശ്മീര്‍: ഇന്ത്യന്‍ വ്യോമാക്രമണത്തിന് പിന്നാലെ കശ്മീര്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം. ഗ്രാമീണരെ മറയാക്കി പാകിസ്ഥാന്‍ മിസൈല്‍, മോര്‍ടാര്‍ ആക്രമണം നടത്തുകയാണ്. ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് നിസ്സാര പരിക്കേറ്റു. പാകിസ്ഥാന്റെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്ക് പരിക്കേറ്റു.

ഇന്നലെ വൈകിട്ട് ആറുമണിക്കാണ് പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് ഇതിന് ശേഷം നിയന്ത്രണ രേഖയില്‍ പന്ത്രണ്ടോളം സ്ഥലങ്ങളില്‍ വെടി നിര്‍ത്തല്‍ ലംഘനമുണ്ടായി. യാതൊരു പ്രകോപനവും കൂടാതെ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. അതിര്‍ത്തിയിലെ ജനവാസ മേഖലകളിലെ വീടുകളെ മറയാക്കിയാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തുന്നത്.

ഇതേസമയം ഷോപിയാനില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടുകയാണ്. ഷോപ്പിയാനിലെ ഒരു വീട് വളഞ്ഞ് സൈന്യം ഭീകരര്‍ക്കെതിരെ ഏറ്റുമുട്ടല്‍ നടത്തുകയാണ്. പുലര്‍ച്ചെ രണ്ട് മണിക്ക് ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.