‘നടന്നത് കോടികളുടെ ഇടപാട്; എക്‌സാലോജിക്കിന് അബുദാബിയില്‍ അക്കൗണ്ട്, കൈകാര്യം ചെയ്തത് വീണയും സുനീഷും’; വെളിപ്പെടുത്തലുമായി ഷോണ്‍ ജോർജ്

 

കൊച്ചി: കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി എക്സാലോജിക്കും ഉള്‍പ്പെട്ട പണിമിടപാടു കേസില്‍ കൂടുതല്‍ ആരോപണങ്ങളുമായി ഷോണ്‍ ജോര്‍ജ്. നിലവില്‍ അന്വേഷണം നടക്കുന്ന സിഎംആര്‍എല്‍-എക്‌സാലോജിക്ക് ഇടപാടില്‍ നിന്നുള്ള വലിയ തുക അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലാണ് സൂക്ഷിച്ചിരുന്നതെന്ന്  പരാതിക്കാരില്‍ ഒരാളായ ഷോണ്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

എക്‌സാലോജിക് കണ്‍സള്‍ട്ടിംഗ്, മീഡിയ സിറ്റി, യുഎഇ എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നത്. വീണാ തായ്ക്കണ്ടിയില്‍, എം. സുനീഷ് എന്നിവരാണ് 2016 മുതല്‍ 2019 വരെ ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നതെന്നും ഇതു വഴി വലിയ തുക അമേരിക്കയിലെ വിവിധ അക്കൗണ്ടുകളിലേക്ക് ഒഴുകിയെന്നും ഷോണ്‍ പറഞ്ഞു. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി), എസ്എൻസി ലാവലിൻ എന്നീ കമ്പനികളില്‍ നിന്ന് ഉള്‍പ്പെടെ വലിയ തുക ഈ അക്കൗണ്ടിലേക്ക് എത്തി. ഏപ്രില്‍ 19-ന്  ചെന്നൈയിലെ ഇഡി സ്‌പെഷ്യല്‍ ഡയറക്ടര്‍ക്ക് താന്‍ ഈ വിവരങ്ങള്‍ നല്‍കിയിരുന്നു. അബുദാബിയിലെ അക്കൗണ്ടിലേക്ക് ഒട്ടേറെ കമ്പനികളില്‍നിന്ന് പണമെത്തിയിരുന്നു എന്നും ഇതെല്ലാം യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുമുണ്ട്.

Comments (0)
Add Comment